കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല (Muslim League third seat). കോൺഗ്രസ് നേതാക്കൾ പാണക്കാട് തങ്ങളെ വിവരം ഔദ്യോഗികമായി അറിയിച്ചു. പകരം രാജ്യസഭ സീറ്റ് നൽകാനാണ് യുഡിഎഫിൽ ധാരണ.
എന്നാൽ മൂന്നാം സീറ്റ് ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty) മലപ്പുറത്ത് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും (V D Satheesan) സാദിഖലി തങ്ങളുമായും (Sayyid Sadiq Ali Shihab Thangal) ഫോണ്‍ വഴി ചർച്ച നടത്തിയിട്ടുണ്ട്. യുഡിഎഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.
പ്രധാന പാർട്ടികളൊന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. മൂന്നാം സീറ്റിൻ്റെ കാര്യം ഇടയ്ക്കിടെ പറയേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതിനിടെ, മുസ്ലിം ലീഗിൽ സീറ്റുകൾ തമ്മിൽ വെച്ചുമാറും.
പ്രതീക്ഷിച്ച പോലെ മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ എം പി അബ്‌ദുസമദ് സമദാനിയും മത്സരിക്കും. ഇ ടിയുടെ ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് മാറ്റം എന്നാണ് വിശദീകരണം വരിക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ മൂന്നാം സീറ്റ് വേണമെന്ന വികാരം മുസ്ലിം ലീഗ് അണികള്‍ക്കിടയില്‍ ശക്തമാണ്.
ലീഗില്ലെങ്കില്‍ കോണ്‍ഗ്രസില്ല, ലീഗിന്‍റെ പിന്തുണ കൊണ്ടാണ് മലബാറിലെ സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുന്നത്, തുടങ്ങിയ കാര്യങ്ങളാണ് ലീഗ് പ്രാദേശിക നേതാക്കള്‍ പങ്കുവയ്‌ക്കുന്ന വികാരം. എന്നാല്‍, ചര്‍ച്ചകള്‍ക്കൊടുവില്‍ മൂന്നാം സീറ്റ് ഈ തവണയുമില്ല. ഇനി ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് മുസ്ലിം ലീഗിന് നല്‍കാമെന്നാണ് കോണ്‍ഗ്രസില്‍ ഉണ്ടായ ധാരണ.
നിയമസഭയിലെ അംഗബലം അനുസരിച്ച് ഒരു രാജ്യസഭ സീറ്റിലാണ് യുഡിഎഫിന് ജയിക്കാന്‍ സാധിക്കുക. ഇനി ഒഴിവ് വരുമ്പോള്‍ ആ സീറ്റ് ലീഗിന് നല്‍കാമെന്ന ഫോര്‍മുലയാണ് അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. നിലവിൽ കോൺഗ്രസിന്‍റെ എംപിമാർ തന്നെ വീണ്ടും ജനവിധി തേടുമ്പോൾ ഒരാളെ ഒഴിവാക്കി ലീഗിന് സീറ്റ് കൊടുക്കുന്നതിലെ അനൗചിത്യം കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളുമായി പങ്കുവയ്ക്കും.