കോഴിക്കോട് : കൊയിലാണ്ടിയിലെ സിപിഎം സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ (Murder Of Local Secretary) പ്രതി അഭിലാഷിനെ ആറ് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു (Police Custody For Six Days). കൊയിലാണ്ടി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജികൃഷ്‌ണനാണ് പ്രതിയെ കസ്‌റ്റഡിയിൽ വിട്ടത്. ഏഴ് ദിവസത്തേക്കായിരുന്നു പൊലീസ് കസ്‌റ്റഡി ആവശ്യപ്പെട്ടത്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കൊയിലാണ്ടി സ്‌റ്റേഷനിൽ എത്തിച്ചു. അഭിലാഷിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകം നടപ്പിലാക്കിയതിന്‍റെ രീതി അഭിലാഷ് കഴിഞ്ഞ ദിവസം പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ബാഹ്യ ഇടപെടലോ ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്ന് വിശദമായി അറിയേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
ALSO READ : സിപിഎം നേതാവ് സത്യനാഥന്‍റെ കൊലപാതകം; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
മാത്രമല്ല മറ്റാരോടെങ്കിലും അഭിലാഷിന് പകയുണ്ടായിരുന്നോ എന്ന കാര്യവും പൊലീസിന് മനസിലാക്കേണ്ടതുണ്ട്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രോത്സവത്തിനിടെയാണ് സിപിഎം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനെ അഭിലാഷ് വെട്ടിക്കൊന്നത്. വടകര ഡിവൈഎസ്പി സജേഷ് വാഴയിലിന്റെ മേൽനോട്ടത്തിൽ കൊയിലാണ്ടി സി ഐ മെൽവിൻ ജോസഫിനാണ് കേസിന്‍റെ അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ടുള്ള മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്.