പത്തനംതിട്ട : അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചു കൊന്നു. പത്തനംതിട്ട അടൂരിലാണ് സംഭവം. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ സതീഷ് കുമാർ (61)നെയാണ് മൂത്ത സഹോദരന്‍ മോഹനന്‍ ഉണ്ണിത്താന്‍ (68) കൊലപ്പെടുത്തിയത്.
ശനിയാഴ്‌ച വൈകിട്ട് അഞ്ചരയോടെ അടൂരിലെ കുടുംബവീട്ടിലായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍ 13 നാണ് ഇയാൾ പരോളില്‍ ഇറങ്ങിയത്.
സഹോദരനായ സതീഷ് കുമാറാണ് രണ്ടാഴ്‌ച മുന്‍പ് ഇയാളെ പരോളില്‍ ഇറക്കി വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. മോഹനന്‍ ഉണ്ണിത്താന്‍ മദ്യപിച്ച വീട്ടിൽ എത്തിയത് സതീഷ് കുമാർ ചോദ്യം ചെയ്‌തിരുന്നു. മദ്യപിച്ചു വീട്ടില്‍ വരരുതെന്നും സതീഷ് കുമാർ മോഹനൻ ഉണ്ണിത്താനോട് പറഞ്ഞു.
ഇത് കേട്ട് പ്രകോപിതനായ മോഹനൻ ഉണ്ണിത്താൻ വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന ഉലക്കയുമായി വന്ന് സതീഷിന്‍റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് സതീഷ് കുമാറിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന മോഹനന്‍ ഉണ്ണിത്താനെ പന്നിവിഴ വലിയ കുളത്തിന് സമീപത്തുനിന്ന് അടൂർ പൊലീസ് പിടികൂടി. രണ്ടുപേരും അവിവാഹിതരാണ്.
Also Read: 25 കാരനെ വെടിവച്ചു കൊന്നു; പ്രതികള്‍ക്കായി വലവിരിച്ച് പൊലീസ്