കോഴിക്കോട് : നഗരത്തിലെ ബാർ ഹോട്ടലിലെ തർക്കത്തെത്തുടർന്ന് ഒളവണ്ണ സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പൊലീസിൻ്റെ പിടിയിലായി. തടമ്പാട്ട് താഴം സ്വദേശി പിടി മഷൂദ് (20) ചാപ്പയിൽ സ്വദേശി അറഫാൻ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനുജ് പലിവാളിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്‌ടർ ടിവി ബിജു പ്രകാശിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്.
സംഭവം നടന്ന കോഴിക്കോട് ബാറിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കാരപ്പറമ്പിനു സമീപം കരുവിശ്ശേരി, വേങ്ങേരി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. മഷൂദിൻ്റെ രഹസ്യകേന്ദ്രങ്ങളെക്കുറിച്ച് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ബൈക്കിൽ വരികയായിരുന്ന മഷൂദിനെ കക്കുഴി പാലത്തിനു സമീപം പൊലീസ് തടഞ്ഞുവച്ചെങ്കിലും പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കൂടാതെ ഈ സമയത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഒട്ടേറെ മോഷണക്കേസുകളിലും പ്രതിയാണ് മഷൂദ്. ചാപ്പയിൽ സ്വദേശി അറഫാനെ മീഞ്ചന്തക്ക് സമീപമുള്ള അരീക്കാട്ടെ വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്. മോഷണം പിടിച്ചുപറി തുടങ്ങിയ ഒട്ടേറെ കേസുകളിൽ ഇയാളും പ്രതിയാണ്.
Also Read: മെനു കാർഡിനെ ചൊല്ലി തർക്കം, കലാശിച്ചത് മർദനത്തിൽ; രണ്ടുപേർ കസ്‌റ്റഡിയിൽ