തിരുവനന്തപുരം : ഭാര്യയെ കറിക്കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറ്റിങ്ങലിലെ മൂലയിൽ വീട്ടിൽ ബിജുവിനെയാണ് തിരുവനന്തപുരം അഞ്ചാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജി സിജു ഷെയ്ഖ് ശിക്ഷിച്ചത്. കൊലപാതക ശ്രമത്തിന് 5 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം.
2014 ഏപ്രിൽ 28നാണ് കേസിനാസ്‌പദമായ സംഭവം. ഭാര്യയുടെ ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ബന്ധുക്കളോടും മറ്റുള്ളവരോടും സംസാരിച്ചതാണ് പ്രകോപനമായത്. തുടര്‍ന്ന് പ്രതി ഭാര്യയെ കുറിച്ച് അനാവശ്യങ്ങൾ പറയുകയും ഭാര്യയോട് കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്‌തു.
അടുക്കളയിൽ വെള്ളം എടുക്കാനായി പോയ ഭാര്യയെ പിന്തുടര്‍ന്ന ഇയാള്‍ കറിക്കത്തി എടുത്ത് നെഞ്ചിലും മുതുകിലും കൈമുട്ടിലും കുത്തി ഗുരുതര പരിക്കേല്‍പ്പിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിജു. കടക്കാവൂർ പൊലീസ് ഇൻസ്പെക്‌ടറായിരുന്ന ഷെരീഫാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബിഎസ് രാജേഷ് അഡ്വക്കേറ്റ് ബിറ്റോ എഎസ് എന്നിവർ ഹാജരായി.
Also Read : അയൽവാസിയെ കൊലപ്പെടുത്തിയ കേസില്‍ നിയമ വിദ്യാര്‍ഥിക്ക് ജീവപര്യന്തം തടവ്