ഇടുക്കി: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയ വാഹനം പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. തെലങ്കാനയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ യുവാക്കൾ സഞ്ചരിച്ച തെലങ്കാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പിടികൂടിയത്. കാറിന്‍റെ ഡോറിൽ ഇരുന്നായിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം.
ദൃശ്യം പ്രചരിക്കപ്പെട്ടതോടെ അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഇടുക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ദേവികുളത്ത് വെച്ചാണ് വാഹനം പിടികൂടിയത്. വാഹനം മൂന്നാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്‍റെ ഡ്രൈവറോട് തൊടുപുഴ ഇന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.
ഇടുക്കി എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ സ്പെഷ്യൽ സ്ക്വാഡിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ലൂയിസ് ഡിസൂസ, അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരായ ഫിറോസ് ബിൻ ഇസ്‌മായിൽ, ബിനു കൂരാപ്പിള്ളി എന്നിവരാണ് വാഹനം പിടിച്ചെടുത്തത്.
കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണമേറുകയാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉണ്ടായ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. കാറിന്‍റെ ഡോറിനിടയിലൂടെ ശരീരം പാതി പുറത്തിട്ടായിരുന്നു പതിവുപോലെ ഇത്തവണത്തെയും അഭ്യാസ പ്രകടനം.
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളിലും മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. പരിശോധനയ്ക്കിടെ നിരവധി വാഹനങ്ങൾക്ക് നിയമലംഘനത്തിന് പിഴ ഈടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എംവിഡി അറിയിച്ചു.
Also Read: ഗ്യാപ്പ് റോഡിൽ അഭ്യാസം വേണ്ട ; കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്