ഇടുക്കി : മൂന്നാറിലെ കാഴ്‌ചകൾക്ക് കൂടുതൽ നിറം പകർന്ന് മൂന്നാർ ഫ്ലവർ ഷോ പുരോഗമിയ്ക്കുന്നു. വിവിധ ഇനം അലങ്കാര ചെടികളുടെ വിസ്‌മയകാഴ്‌ചകൾക്കൊപ്പം കലാപരിപാടികളുമായി സഞ്ചരികളെ വരവേൽക്കുകയാണ് മൂന്നാർ. ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ ദിവസവും ഫ്ലവർ ഷോ ആസ്വദിയ്ക്കാൻ എത്തുന്നത്. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ദേവികുളം റോഡിലാണ് ബോട്ടാണിക്കൽ ഗാർഡൻ.
മധ്യവേനൽ അവധി ആഘോഷിയ്ക്കാൻ മൂന്നാറിലേയ്‌ക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇരട്ടി മധുരമാവുകയാണ് മൂന്നാമത് മൂന്നാർ ഫ്ലവർ ഷോ. മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കിയിരിയ്ക്കുന്ന പ്രദർശനത്തിൽ സ്വദേശി, വിദേശി ഇനങ്ങളിൽ പെട്ട അയ്യായിരത്തിൽ അധികം അലങ്കാര ചെടികൾ ആണ് അണിനിരത്തിയിരിയ്ക്കുന്നത്. പൂക്കളുടെ നിറകാഴ്‌ചകൾക്കൊപ്പം ലേസർ ഷോയും വിവിധ കലാപരിപാടികളും എല്ലാ ദിവസവും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
13 നാണ് ഫ്ലവർ ഷോ സമാപിയ്ക്കുക. ഏകദേശം ഒരു ലക്ഷത്തോളം സഞ്ചാരികൾ പ്രദർശനം സന്ദർശിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകനായ ബിജു ജോർജ് പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം സഞ്ചാരികളാണ് ഈ വർഷം എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് സഞ്ചാരികൾ എത്തുന്നതെന്നും ബിജു ജോർജ് പറഞ്ഞു.
രാവിലെ 9 മുതൽ രാത്രി 9 വരെയാണ് മേളയുടെ സമയം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 35 ഉം വീതമാണ് പ്രവേശന ഫീസ്. ക്യാമറ കൊണ്ടുപോകണമെങ്കിൽ അധിക തുക നൽകേണ്ടി വരും. എല്ലാദിവസവും ഏഴുമണിക്ക് വാട്ടർ ഫൗണ്ടൻ ഷോയും അതിനുശേഷം ഗാനമേളയും ഡിജെയും മേളയിൽ നടക്കും.