ഇടുക്കി : മൂന്നാറിലെ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടിത്തം. മൂന്നാർ, നെറ്റിക്കുടി സെൻട്രൽ ഡിവിഷനിലെ ലയങ്ങൾക്കാണ് തീപിടിത്തമുണ്ടായത്. ഇന്ന് (01-04-2024) പുലർച്ചെയാണ് സംഭവം. വീട്ടുപകരണങ്ങളെല്ലാം പൂർണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടൻ വീട്ടിലുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒന്നുമുണ്ടായില്ല.
പതിനൊന്നോളം വീടുകളാണ് ലയത്തിൻ്റെ ഭാഗമായി ഉണ്ടായിരുന്നത്. അവ പൂർണമായി കത്തി ചാമ്പലായി. ലയത്തിലെ താമസക്കാരിലൊരാൾ പുലർച്ചെ പുക ഉയരുന്നത് ശ്രദ്ധിച്ചതാണ് അപകടത്തിൻ്റെ വ്യാപ്‌തി കുറച്ചത്. കുടുംബങ്ങളെ വിളിച്ചുണർത്തിയതോടെ എല്ലാവരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
ലയങ്ങളിലെ ആളുകൾ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും പൂർണമായി കത്തിനശിച്ചു. പ്രദേശത്ത് മൊബൈൽ നെറ്റ് വർക്കിൻ്റെ ലഭ്യത കുറവുണ്ട്. സംഭവ ശേഷം അഗ്നിരക്ഷ സേനയെത്തിയെങ്കിലും ലയം പൂർണമായി കത്തി ചാമ്പലായിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തോട്ടം മേഖലയിൽ ലയങ്ങൾക്ക് തീ പടരുന്നത് സമീപകാലത്ത് ഇത് നാലാം തവണയാണ്.