തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ താഴ്‌വരയില്‍ അധിവസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷിതത്ത്വത്തിന് വേണ്ടി ബദല്‍ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് നിയമസഭയുടെ മേശപ്പുറത്തു വച്ച നയപ്രഖ്യാപനത്തില്‍ പറയുന്നു. രൂപ കല്‍പ്പനയും നിര്‍മ്മാണത്തിന്‍റെ സമീപകാല മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നിലവിലെ അണക്കെട്ടിന്‍റെ അടിവാരത്ത് പുതിയ അണക്കെട്ട് പണിയണം. ഇതു മാത്രമാണ് താഴ്വരയിലെ ജനങ്ങളുടെ സുരക്ഷിതത്ത്വത്തിനുള്ള ഏക പരിഹാരം എന്നതാണ് സര്‍ക്കാരിന്‍റെ കാഴ്‌ചപ്പാട്.
ഡാമിന്‍റെ മുന്‍ ഭാഗവും പിന്‍ ഭാഗവും അണ്‍കോഴ്‌സ്‌ഡ് റബ്ബിള്‍ മേസണ്‍റി ഇന്‍ ലൈം മോട്ടോറും, കേന്ദ്ര ഭാഗം ലൈം സുര്‍ക്കി കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. 2018 - 2021 മണ്‍സൂണ്‍കാലത്ത് പ്രത്യേകിച്ചും ഇടുക്കി ജില്ലയില്‍ അത്യധികം ക്രമരഹിതമായ മഴ സൃഷ്‌ടിച്ച വിനാശകരമായ വെള്ളപ്പൊക്കവും പ്രളയവും കണക്കിലെടുക്കുമ്പോള്‍ തമിഴ്‌നാടിന് വെള്ളവും അടിവാര പ്രദേശത്ത് താമസിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഒരു പുതിയ ഡാം നിര്‍മ്മിക്കുന്നതാണ് ഏക പരിഹാരമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. കേരളം ഈ അഭിപ്രായം ഇതുമായി ബന്ധപ്പെട്ട എല്ലാ ഫോറങ്ങളിലും ഉയര്‍ത്തിയിട്ടുണ്ടെന്നു തമിഴ്‌നാടുമായി രമ്യമായ പരിഹാരമാര്‍ഗത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും നയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.
നെറ്റ് - സീറോ കാര്‍ബണ്‍ രഹിത വികസനത്തിനുള്ള സര്‍ക്കാരിന്‍റെ അടിയുറച്ച പ്രതിബദ്ധത അടിവരയിട്ടുകൊണ്ട് ഹരിത ഗതാഗതത്തിന്‍റെ ഒരു നിര്‍ണായക ചുവടുവയ്‌പായി കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിച്ചു. ഇത് രാജ്യത്തെ തന്നെ ആദ്യത്തെ സംരംഭമാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാം ഘട്ട നിര്‍മ്മാണത്തിനായി 8000 കോടിയിലേറെ രൂപയുടെ മുതല്‍ മുടക്കാണ് ആയത്. തന്ത്രപ്രധാന സ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഈ തുറമുഖം 2024 അവസാനത്തോടെ കമ്മിഷന്‍ ചെയ്യും.
ലൈഫ് മിഷനു കീഴില്‍ 2023 ഡിസംബര്‍ പകുതിയോടു കൂടി 3,65,531 വീടുകള്‍ പൂര്‍ത്തീകരിച്ചെന്നും, തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും നയ പ്രഖ്യാപനം വ്യക്തമാക്കുന്നു.