കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് ജെസിബി കടത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേർക്കപ്പെട്ട എസ്ഐയെ അറസ്റ്റ് ചെയ്‌തു. മുക്കം എസ്ഐ മാവൂർ കുറ്റിക്കടവ് സ്വദേശിയായ നൗഷാദിനെതിരെയാണ് നടപടി. സിറ്റി റൂറൽ ക്രൈം ഡിറ്റാച്ച്മെന്‍റ് ഡി.വൈ.എസ്.പി പി. പ്രമോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ എസ്ഐ നൗഷാദിന് കോടതിയുടെ ഉത്തരവനുസരിച്ച് ജാമ്യം നൽകി (SI Who Was Involved In The Smuggling Of JCB From Police Station).
കഴിഞ്ഞ സെപ്റ്റംബറിൽ കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടത്ത് അപകടത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ജെസിബി മുക്കം പൊലീസ് പിടിച്ചെടുത്തിരുന്നു. സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച ഈ ജെ.സി.ബി കടത്തിക്കൊണ്ടു പോവുകയും, പകരം മറ്റൊരു ജെസിബി കൊണ്ടുവയ്ക്കുകയും ചെയ്‌തു.
അന്ന് അപകടത്തിൽപ്പെട്ട ജെസിബിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. മുക്കം എസ്ഐ ആയിരുന്ന നൗഷാദിന്‍റെ ഒത്താശയോടുകൂടി ഉടമയുടെ മകൻ ഉൾപ്പെടെയുള്ള പ്രതികൾ ജെ.സി.ബി. കടത്തിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് കണ്ടെത്തൽ.
സംഭവത്തെ തുടർന്ന് വടകര റൂറൽ എസ്‌പി നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ നേരത്തെ കണ്ണൂർ റേഞ്ച് ഡിഐജി മുൻ മുക്കം പ്രിൻസിപ്പൽ എസ് നൗഷാദിനെ സസ്പെൻഡ് ചെയ്‌തിരുന്നു. തുടര്‍ന്ന് നൗഷാദ് കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നൗഷാദിന് ജാമ്യം അനുവദിച്ചത്.