പാലക്കാട്: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി മാധ്യമ പ്രവർത്തകരെ മുറിയിലേക്ക് വിളിപ്പിക്കുക മാത്രം ചെയ്‌തത് അദ്ദേഹം ബിജെപിയിലെ മിതവാദി ആയത് കൊണ്ട് മാത്രമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനത്താണ് സംഭവം നടന്നത് എങ്കിൽ ആളെ തല്ലിക്കൊന്നേനേ എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഹമ്മദ് റിയാസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാലക്കാട്ട് യുഡിഎഫും ബിജെപിയും പരസ്‌പര ധാരണയോടെയാണ് മത്സരിക്കുന്നത്. പ്രതിപക്ഷ നേതാവ് ബിജെപിക്ക് ഓക്‌സിജൻ കൊടുക്കുകയാണ്. പാലക്കാട്ട് യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് വിഡി സതീശൻ മാത്രമേ പറയുന്നുള്ളൂ. കെ മുരളീധരന് പോലും ആ അഭിപ്രായമില്ലെന്നും റിയാസ് പറഞ്ഞു.
സീ പ്ലെയിൻ വിഷയത്തിൽ തെറ്റിദ്ധാരണ പരത്തി സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിൻ്റെ ശ്രമം. പ്രശ്‌നത്തിൽ സിപിഎമ്മിൽ രണ്ട് അഭിപ്രായമില്ല. യുഡിഎഫ് ഭരിക്കുമ്പോൾ ഗ്രൂപ്പ് കളിച്ചാണ് അന്നത്തെ സീ പ്ലെയിൻ പദ്ധതി കുളമാക്കിയത്. ഭരണം കിട്ടുമ്പോൾ തമ്മിലടിച്ചതിന് ശേഷം കൂട്ടക്കരച്ചിൽ നടത്തിയിട്ട് കാര്യമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സീ പ്ലെയിനില്‍ പാലക്കാടിന് മുൻഗണന:
പാലക്കാട് - സീ പ്ലെയിൻ സംസ്ഥാനത്തിൻ്റെ വിനോദ സഞ്ചാര സാധ്യതകളെ മാറ്റി മറിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഡാമുകൾ കേന്ദ്രീകരിച്ച് വിനോദ സഞ്ചാര ശൃംഖല വികസിപ്പിക്കുമ്പോൾ പ്രധാന പരിഗണന മലമ്പുഴക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറിയിൽ പാലക്കാടിൻ്റെ വിനോദ സഞ്ചാര സാധ്യതകളെക്കുറിച്ച് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഗ്രാമീണ പ്രദേശങ്ങളെ കൂട്ടിയിണക്കുന്നതിന് വേണ്ടത്ര യാത്രാ സൗകര്യങ്ങളില്ലാത്തതാണ് വിനോദ സഞ്ചാര മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. സീ പ്ലെയിൻ യാഥാർത്ഥ്യമാവുന്നതോടെ വലിയ മാറ്റമുണ്ടാകും. മലമ്പുഴ അണക്കെട്ടിന് പ്രഥമ പരിഗണന നൽകും. വിനോദ സഞ്ചാര മേഖലയിൽ അനന്തമായ സാധ്യതകളാണ് പാലക്കാടിനുള്ളത്. ഏറ്റവും കൂടുതൽ ചലച്ചിത്ര ചിത്രീകരണം നടക്കുന്ന ജില്ലയാണ് പാലക്കാട്. പ്രശസ്‌തമായ പല സിനിമകളുടേയും ലൊക്കേഷൻ പാലക്കാട് ആയിരുന്നു. ആ സ്ഥലങ്ങളും ചിത്രീകരണം നടന്ന വീടുകളും കാണാൻ സഞ്ചാരികൾ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവയെ കൂട്ടിയിണക്കി ടൂറിസം പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പൈതൃക മേഖലയിലും കാർഷിക മേഖലയിലും പാലക്കാടിന് ഏറെ സാധ്യതകളുണ്ട്. ടിപ്പുവിൻ്റെ കോട്ടയെ സഞ്ചാരികളുടെ പ്രധാന കേന്ദ്രമായി മാറ്റും. നഗരമധ്യത്തിൽ ഇതുപോലെ ചരിത്രപ്രധാന്യമുള്ള സ്‌മാരകം മറ്റൊരു നഗരത്തിലുമില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Also Read: 'സുരേഷ് ഗോപി വിരട്ടല്‍ നിര്‍ത്തണം', കേന്ദ്രമന്ത്രിക്കെതിരെ ഇന്ന് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം