കോഴിക്കോട് : കാളപൂട്ടും ഊർച്ച തെളിയുമെല്ലാം ഒരു കാലത്ത് കാർഷിക സംസ്‌കാരത്തിൻ്റെ മാതൃകകൾ ആയിരുന്നു. അക്കാലമെല്ലാം പഴങ്കഥയായപ്പോള്‍ കാലത്തിനൊപ്പം കോലവും മാറും എന്നത് അന്വർഥമാക്കുന്ന കാഴ്‌ചയാണ് കൊടിയത്തൂരിലെ ആന്യം പാടത്ത് കണ്ടത്. മലബാർ റിവർ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന 'മഡ്ഫെസ്റ്റ്' എന്ന പേരിട്ട വണ്ടിപ്പൂട്ട് പ്രദർശനമാണ് കാഴ്‌ച്ചക്കാര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തും ചെറുവാടി അഡ്വഞ്ചർ ക്ലബ്ബും ആന്യം റസിഡൻസ് അസോസിയേഷനും ചേർന്നാണ് വ്യത്യസ്‌തമായ വണ്ടിപ്പൂട്ട് പ്രദർശനം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും അയല്‍ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ ഇരുപത്തിയഞ്ച് വാഹനങ്ങളാണ് വണ്ടിപ്പൂട്ട് പ്രദർശനത്തിൽ
പങ്കെടുത്തത്. ജീപ്പുകളും കാറുകളും ജിപ്‌സികളും ട്രാക്‌ടറുകളുമെല്ലാം ചേറിനെ ചീറ്റിത്തെറിപ്പിച്ച് ആന്യം പാടത്ത് തലങ്ങും വിലങ്ങും കുതിച്ചുപാഞ്ഞപ്പോൾ കാഴ്‌ചക്കാര്‍ക്കും ആവേശമായി.
ഏറെ വർഷങ്ങൾക്ക് മുമ്പ് ഊർച്ച തെളിയും കാളപ്പൂട്ട് മത്സരങ്ങളും നിരവധി നടന്ന പാടമാണ് ആന്യം പാടം. ഊർച്ച തെളിക്കാരനും പൂട്ടിക്കാരനും കയ്യാളും ഒന്നുമില്ലാതെ, റോഡിലൂടെ പോവേണ്ട വാഹനങ്ങൾ പാടത്തെ ചേറു ചീറ്റിച്ച് ഓടിക്കുന്നത് കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ എത്തിച്ചേർന്നു. എല്ലാവർക്കും പാടത്തെ വണ്ടിപ്പൂട്ട് ആദ്യത്തെ അനുഭവം.
വണ്ടിപ്പൂട്ട് പ്രദർശനം തിരുവമ്പാടി എംഎൽഎ ലിന്‍റോ ജോസഫ് ഉദ്ഘാടനം ചെയ്‌തു. വണ്ടിപ്പൂട്ടിന്‍റെ ആവേശം തന്നിലേക്കും ആവേശിച്ചതറിഞ്ഞ എംഎൽഎയും ഒരു ജീപ്പിൽ ചാടിക്കയറി പാടത്തെ ചേറിൽ വാഹനം പായിച്ചു.
പുതിയ കാലത്ത് ഊർച്ച തെളിക്കും കാളപ്പൂട്ട് മത്സരങ്ങൾക്കും പകരമായി ഇനി നമ്മുടെ വയലുകളിൽ വണ്ടിപ്പൂട്ടിന്‍റെ കാലമാകും എന്ന് തെളിയിക്കുന്നതാണ് കൊടിയത്തൂരിലെ വണ്ടിപ്പൂട്ട് പ്രദർശനം.