കോഴിക്കോട്: കോഴിക്കോട് എൻ എച്ച് 66 ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.
പാലാഴി ഭാഗത്തു നിന്ന് ഫറോക്കിലേക്ക് പോവുകയായിരുന്ന കാർ പന്തിരങ്കാവിനു സമീപം മെട്രോ ഹോസ്‌പിറ്റലിന് മുന്നിലെത്തിയപ്പോഴാണ് തീ പിടിച്ചത്. കാറിൻ്റെ എൻജിന്‍റെ ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കാറിൽ ഉണ്ടായിരുന്ന രണ്ടു പേർ ഉടൻ തന്നെ കാർ നിർത്തി പുറത്തിറങ്ങി.
രാത്രി പത്തരയോടെയാണ് കാറിന് തീപിടിച്ചത്. നിമിഷനേരം കൊണ്ട് കാറിലാകെ തീ ആളി പടർന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും മെട്രോ ആശുപത്രിയിലെ ജീവനക്കാരും ആദ്യം ആശുപത്രിയിലെ ഫയർ എക്‌സ്‌റ്റിങ്ക്യൂഷർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമം നടത്തി. വിവരമറിഞ്ഞ് മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിൽ നിന്നും മൂന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു.
കാറിൻ്റെ എഞ്ചിന്‍റെ ഭാഗം പൂർണമായി കത്തി നശിച്ചിട്ടുണ്ട്. പരുത്തിപ്പാറ സ്വദേശിയായ ദീപക്കും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. പെട്ടെന്ന് തന്നെ കാർ നിർത്തി പുറത്തിറങ്ങാനായതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.
മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ സ്‌റ്റേഷൻ ഓഫീസർ പി സുനിൽ, ഗ്രേഡ് അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ ഇ ശിഹാബുദ്ദീൻ ,ഫയർ ഓഫീസർമാരായ അബ്‌ദുൽ കരീം, ജിജേഷ്, ജിൻരാജ്, വി കെ അനൂപ്, കെ കെ നന്ദകുമാർ, ഒ കെ പ്രജിത്ത്, കെ കെ ബൈജുരാജ് , ഹോം ഗാർഡുമാരായ കെ ടി നിതിൻ,
എബി, രാധാകൃഷ്‌ണൻ, ശ്രീനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.