പത്തനംതിട്ട : ഈ വർഷത്തെ മണ്ഡലകാല തീർഥാടനം അവസാനിച്ചപ്പോൾ കണക്ക് അനുസരിച്ച് ശബരിമലയിൽ ദർശനം നടത്തിയത് 32 ലക്ഷത്തിലധികം തീർഥാടകരാണ്. ഈ വർഷത്തെ മണ്ഡലകാല തീർഥാടന കാലത്ത് സന്നിധാനത്ത് വലിയ തീർഥാടക പ്രവാഹമാണുണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നവംബർ 16ന് നടതുറന്നത് മുതൽ ഇന്നലെ (ഡിസംബര്‍ 26) വൈകിട്ട് അഞ്ച് വരെയുള്ള കണക്കനുസരിച്ച് 32,75,398 തീർഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാല് ലക്ഷത്തിലധികം തീർഥാടകരുടെ വർധനവാണുണ്ടായത്.
ദേവസ്വം, പൊലീസ് എന്നിവരുൾപ്പെടെയുള്ള വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനത്താലാണ് മുഴുവൻ തീർഥാടകർക്കും വലിയ ആയാസമില്ലാത സുഗമമായ ദർശനം സാധ്യമാക്കാനായത്. മണ്ഡലപൂജ നടന്ന ഇന്നലെ (ഡിസംബർ 26) 25642 തീർഥാടകരാണ് ദർശനം നടത്തിയത്. മകരവിളക്ക് മഹോത്സവത്തിനായി ഈമാസം 30 വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14ന് ആണ് മകരവിളക്ക്.
തങ്കയങ്കിയുത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്തെ സുരക്ഷാക്രമീകരണങ്ങൾ വ്യോമമാർഗം വഴി നിരീക്ഷണം നടത്തിയിരുന്നു. ശബരിമല കോഡിനേറ്ററും എഡിജിപിയുമായ എസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് നിരീക്ഷണം നടത്തിയത്.