തൃശൂര്‍ : എന്‍ഡിഎ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കിഴക്ക്, വടക്ക്, ദക്ഷിണേന്ത്യ എന്നിവടങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള സർവേ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. കേരളത്തിനും ഇന്ത്യക്കുമായി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് മോദി പ്രസംഗത്തില്‍ പറഞ്ഞു. തങ്ങളുടെ ശബ്‌ദം ഈ വർഷം പാർലമെന്‍റിൽ കേൾക്കുമെന്ന് കേരളം ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.
ഇന്ത്യയ്‌ക്ക് ദുർബലമായ പ്രതിച്ഛായയാണ് കോൺഗ്രസ് സൃഷ്‌ടിച്ച് നല്‍കിയതെന്ന് മോദി ആരോപിച്ചു. അതേസമയം ബിജെപി രാജ്യത്തെ ശക്തമാക്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയില്‍ സംഭവിച്ചത് ട്രെയിലർ മാത്രമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കേരള സര്‍ക്കാരിനെയും മോദി വിമര്‍ശിച്ചു. പാവപ്പെട്ടവരുടെ പണം സിപിഎം കൊള്ളയടിച്ചു. പലരുടെയും വിവാഹങ്ങള്‍ പോലും മുടങ്ങി. കരുവന്നൂര്‍ കേസില്‍ മുഖ്യമന്ത്രി മൂന്ന് വര്‍ഷമായി കള്ളം പറയുകയാണ്. പണം തിരികെ നല്‍കുമെന്നും കുറ്റവാളികളെ പിടികൂടുമെന്നുമാണ് മുഖ്യമന്ത്രിയുടെ വ്യാജ വാഗ്‌ദാനം. കേസില്‍ നടപടിയെടുത്തത് മോദി സര്‍ക്കാരാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
Also Read : നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം - Transportation Restriction In TVM