ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ നടന്ന മോക്ക് പോളിങ്ങില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് വാക്കാല്‍ നിര്‍ദേശം നല്‍കി സുപ്രീം കോടതി. കാസര്‍കോട് മണ്ഡലത്തില്‍ നടന്ന മോക്ക് പോളിങ്ങിന് ഉപയോഗിച്ച ഇവിഎം മെഷീനുകളില്‍ കൃത്രിമത്വം ആരോപിച്ച് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരായിരുന്നു ആദ്യം രംഗത്തുവന്നത്. നാല് മെഷീനുകളില്‍ നിന്നും ബിജെപിയ്‌ക്ക് അനുകൂലമായാണ് വോട്ടുകള്‍ രേഖപ്പെടുത്തിയതെന്നായിരുന്നു ആരോപണം.
ഇക്കാര്യം കേരളത്തിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇവിഎം-വിവിപാറ്റ് കേസിൻ്റെ വാദത്തിനായി കോടതിയില്‍ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കിയത്.
അതേസമയം, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി പിന്തുടരുന്ന നടപടി ക്രമങ്ങള്‍ വിശദീകരിക്കാനും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് എല്ലാവരിലുമുള്ള ആശങ്കകള്‍ അകറ്റേണ്ടത് പ്രധാനമാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കുന്നതില്‍ വിശുദ്ധിയുണ്ടാകേണ്ടതുണ്ട്.
യന്ത്രങ്ങള്‍ എങ്ങനെയാണ് കാലിബ്രേറ്റ് ചെയ്യുന്നത്, സ്ഥാനാര്‍ഥികള്‍ക്ക് ആവശ്യമെങ്കില്‍ എപ്പോള്‍ അവ പരിശോധിക്കാം, കൃത്രിമത്വത്തിന് സാധ്യതയില്ലെന്ന് ഉറപ്പ്, ചിപ്പുകളില്‍ ഉണ്ടാകുന്ന മാറ്റം, ഡാറ്റ വീണ്ടെടുക്കല്‍ മുതലായ എല്ലാ കാര്യങ്ങളും വിശദീകരിക്കണമെന്നാണ് കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്.