കോഴിക്കോട് : വഴിയാത്രക്കാരന്‍റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച രണ്ടുപേർ പിടിയിൽ. മഞ്ചേരി സ്വദേശി മേലാക്കം അയ്യൂബ് 37, താഴെ ചേളാരി സ്വദേശി ബാബുരാജ് എന്ന ബംഗാളി ബാബു 37 എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കോഴിക്കോട് പാവമണി റോഡ് ബീവറേജസ് ഔട്ട്ലെറ്റിന് സമീപത്ത് നിന്ന് പരാതിക്കാരനെ ഇരുവരും തടഞ്ഞുവച്ച ശേഷം മൊബൈൽ ഫോൺ പിടിച്ചു പറിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.
കസബ ഇൻസ്പെക്‌ടർ രാജേഷ് മരങ്ങലത്ത്, എസ്ഐമാരായ എൻപിഎ രാഘവൻ, ഷൈജു, സീനിയർ സിപിഒമാരായ പി സജേഷ് കുമാർ, എം ഷാലു, സിപിഒ സി കെ സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പൂട്ട് പൊളിച്ച് മോഷണം; നൂറോളം കേസുകളിലെ പ്രതി പിടിയിൽ : കോഴിക്കോട് ജില്ലയില്‍ കടകളുടെയും ഓഫിസുകളുടെയും ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. കൂടരഞ്ഞി സ്വദേശി കൊന്നാം തൊടി ഹൗസിൽ കെ വി ബിനോയി (41) യെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ ടി പി ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.
കടയുടെ പൂട്ടുപൊളിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ലിങ്ക് റോഡ് കിളിപ്പറമ്പ് ക്ഷേത്രത്തിനടുത്ത് വച്ച് മാർച്ച് 22 നാണ് ബിനോയ് പിടിയിലാവുന്നത്. കോഴിക്കോട് മിഠായി തെരുവിലെ കെ 22 പി എം എന്ന കടയുടെ പൂട്ടു പൊളിച്ച് എഴുപതിനായിരം രൂപ മോഷണം നടത്തിയതും, കോട്ടപറമ്പ് മാക്കോത്ത് ലൈനിലുള്ള യൂസ്‌ഡ് ബൈക്ക് ഷോറൂമായ വി കെ അസോസിയേറ്റിൻ്റെ പൂട്ട് പൊളിച്ച് ബൈക്ക് മോഷണം നടത്തിയതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
മോഷണം നടത്തിയതിന് ശേഷം ബിനോയ് കാസർകോട് ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു. പുതിയ മോഷണം നടത്താൻ പദ്ധതിയിട്ട് വീണ്ടും കോഴിക്കോട് വന്നപ്പോഴാണ് പൊലീസിന്‍റെ പിടിയിലാവുന്നത്. കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിൽ നൂറോളം കേസുകളിൽ പ്രതിയായ ആളാണ് ബിനോയ്.
നാല് മാസം മുമ്പ് കണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങിയ ഇയാൾ കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളുടെ പല ഭാഗങ്ങളിലുള്ള കടകളിലും, ക്ഷേത്രങ്ങളിലും, ബിവറേജിലും മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ടൗൺ എസ്ഐ മുഹമ്മദ് സിയാദ്, ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എഎസ്ഐ കെ അബ്‌ദു റഹ്മാൻ, അനീഷ് മുസ്സേൻവീട്, കെ അഖിലേഷ്, സുനോജ് കാരയിൽ, ടൗൺ സ്‌റ്റേഷനിലെ എസ്ഐ സുലൈമാൻ ബി, വിജീഷ്, രഞ്ജിത്ത്, ജയകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.