കോഴിക്കോട് : കാർ മോഷണക്കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പൊലീസിനെ തടഞ്ഞതിനെ തുടര്‍ന്ന് പന്തീരാങ്കാവിന് സമീപം പൂളങ്കരയിൽ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ പ്രതി രക്ഷപ്പെട്ടു. ഇന്നലെ (മെയ് 09) രാത്രി എട്ടരയോടെയാണ് സംഭവം.
എറണാകുളം ഞാറക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാർ മോഷ്‌ടിച്ച കേസിലെ പ്രതിയായ ശിഹാബ് സഹീറിനെ പിടിക്കാനാണ് എസ്ഐ ഉൾപ്പടെ പൊലീസുകാർ പൂളങ്കരയിലെത്തിയത്. മഫ്‌തിയിലും യൂണിഫോമിലും എത്തിയ ഞാറയ്ക്കൽ പൊലീസ് പ്രതിയെ പൂളങ്കരയിലെ വീട്ടിൽ നിന്നും പിടികൂടി. പൊലീസ് എത്തിയ കാറിലേക്ക് പിടിച്ചുകയറ്റുന്നതിനിടയിൽ പ്രതി ബഹളംവച്ചതോടെ പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തി പ്രശ്‌നത്തിൽ ഇടപെട്ടു.
പൊലീസ് ആണെന്ന് അറിയിച്ചിട്ടും പ്രതിയെ പിടിക്കാൻ അനുവദിച്ചില്ലെന്നാണ്
അന്വേഷണസംഘം പറയുന്നത്. അതിനിടെ വിവരം അറിഞ്ഞ പന്തീരാങ്കാവ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇവര്‍ ആവശ്യപ്പെട്ടിട്ടും കൂടി നിന്നവർ പ്രതിയെ വിട്ടുനൽകാൻ തയ്യാറായില്ല.
സ്ഥലത്തെത്തിയ പന്തീരാങ്കാവ് പൊലീസാണ് കൂടി നിന്നവരെ ലാത്തി വീശി ഓടിച്ചത്. അതിനിടെയാണ് പ്രതിയും രക്ഷപ്പെട്ടത്. പൊലീസിന്‍റെ ജോലി തടസപ്പെടുത്തിയതിനും പ്രതി രക്ഷപ്പെടാൻ കൂട്ടുനിന്നതിനും കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു.
സംഘർഷത്തിനിടയിൽ ഞാറയ്ക്കലിൽ നിന്നും പൊലീസ് എത്തിയ വാഹനത്തിൻ്റെ ഗ്ലാസും തകർന്നു. കൂടാതെ, പരിക്കേറ്റ മൂന്ന് പൊലീസുകാരും മൂന്ന് നാട്ടുകാരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.