എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി ആക്‌ടിങ് പ്രസിഡൻ്റ് എം.എം ഹസ്സൻ. ഇന്ത്യ മുന്നണി യോഗത്തിൽ കാലെടുത്തു വെയ്ക്കാനുള്ള യോഗ്യത പോലും പിണറായിക്കില്ല. പ്രധാനമന്ത്രി ആരാകണമെന്ന് മുന്നണി യോഗം തീരുമാനിക്കുമെന്നും എം.എം. ഹസൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി സ്‌ഥാനം കാണുമോയെന്ന കാര്യം പിണറായി ആലോചിക്കണം. ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യുകയാണ് പിണറായി. രാഹുൽഗാന്ധിക്കെതിരായ പരാമർശത്തിൽ പിണറായി മാപ്പ് പറയണമെന്നും ഹസൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രകടനപത്രികയെ കുറിച്ച് ഒരു എതിരഭിപ്രായവും സിപിഎം പറഞ്ഞിട്ടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പിണറായിക്ക് മാത്രം എന്താണ് ഇത്ര പ്രശ്‌നമെന്ന് അറിയില്ല. ബിജെപി - സിപിഎം അന്തർധാരയാണ് ഇതിനു കാരണമെന്നും ഹസൻ പറഞ്ഞു.
വർഗീയത കുത്തിനിറച്ച പരസ്യമാണ് ബിജെപി മാധ്യമങ്ങൾക്ക് നല്‌കിയിരിക്കുന്നതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ഹസൻ അറിയിച്ചു. മതവികാരം ആളിക്കത്തിക്കുന്ന വാചകങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിന് സ്‌ക്രൂട്ടിണി കമ്മിറ്റി എങ്ങനെ അനുമതി നൽകി എന്നത് അന്വേഷിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകും.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസ് ആണെന്നും പിണറായി വിജയന്‍റെ നിർദേശ പ്രകാരമാണിതെന്നും ഹസൻ ആരോപിച്ചു. കമ്മീഷണർക്ക് രഹസ്യ നിർദേശം കൊടുത്തത് പിണറായി വിജയനാണ്. ഇത് ബിജെപിയെ സഹായിക്കാനാണ്. ശബരിമലയിലും ഇത് തന്നെയാണ് പിണറായി ചെയ്‌തതെന്നും ഹസൻ ആരോപിച്ചു.