മലപ്പുറം: പള്ളിപ്പുറത്ത് നിന്നും കാണാതായ വിഷ്‌ണുജിത്തിനെ മലപ്പുറം പൊലീസ് ഊട്ടിയില്‍ നിന്നും കണ്ടെത്തി. യുവാവ് പൊലീസ് സംഘത്തിനൊപ്പമുണ്ടെന്നും സുരക്ഷിതനാണെന്നും മലപ്പുറം എസ്‌പി എസ് ശശിധരന്‍ പറഞ്ഞു. വിവാഹത്തിന് നാല് ദിവസം മുമ്പാണ് യുവാവിനെ കാണാതായത്. വിവാഹത്തിന് പണം കണ്ടെത്താന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു.
ഇന്ന് (സെപ്റ്റംബർ 10) രാവിലെ വിഷ്‌ണുവിൻ്റെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം ബെല്ലടിച്ചതായും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയതായും സുഹൃത്ത് പൊലീസില്‍ അറിയിച്ചിരുന്നു. ഇതാണ് അന്വേഷണത്തിന് നിര്‍ണായക വഴിത്തിരിവായത്. അന്വേഷണത്തില്‍ വിഷ്‌ണു മേട്ടുപ്പാളയം വഴി സഞ്ചരിച്ചതായി പൊലീസിന് സൂചന ലഭിച്ചു. കാണാതായ ശേഷം യുവാവിൻ്റെ ഫോണ്‍ ഒരു തവണയാണ് ഓണായതെന്നും കണ്ടെത്തി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
ഇതിൻ്റെ ലൊക്കേഷന്‍ കാണിച്ച ഊട്ടിയിലെ കുനൂര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. നേരത്തേ പാലക്കാട് നിന്നും ബസ് കയറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സെപ്റ്റംബര്‍ എട്ടിനായിരുന്നു വിഷ്‌ണുവിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഈ മാസം 4നാണ് മലപ്പുറത്തെ പള്ളിപ്പുറം കുരുന്തല വീട്ടില്‍ നിന്നും വിഷ്‌ണുവിനെ കാണാതായത്. വിവാഹ ആവശ്യത്തിനായി താലിമാലയും മോതിരവും വാങ്ങാന്‍ പണം സംഘടിപ്പിക്കാനെന്നും പറഞ്ഞായിരുന്നു വിഷ്‌ണു പാലക്കാടുളള സുഹൃത്തിൻ്റെ അടുത്തെത്തിയത്.
Also Read: കാസർകോട് ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കൊടുങ്ങല്ലൂരിൽ കണ്ടെത്തി