തിരുവനന്തപുരം: ഇന്നലെ രാത്രി തിരുവനന്തപുരം ചാക്കയില്‍ നിന്ന് കാണാതായ രണ്ടര വയസുകാരിയെ കണ്ടെത്തി. രാത്രി 7.30ന് ബ്രഹ്മോസിന് സമീപം കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകും വഴിയുള്ള ഓടയിൽ നിന്നാണ് മേരി എന്ന പെൺകുട്ടിയെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ടു നിന്ന തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്.
കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർ പരിശോധനകൾക്കായി എസ്‌എടി ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. നിലവിൽ ആരെയും കസ്‌റ്റഡിയിൽ എടുത്തിട്ടില്ല. എങ്കിലും പ്രതിയെപ്പറ്റി പൊലീസിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്.
പുറമേ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പരിശോധനയ്ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്‌തമാകുമെന്നും ഡിസിപി നിധിൻ രാജ് അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍ മാധ്യമശ്രദ്ധ നേടിയതോടെ കുട്ടിയെ ഉപേക്ഷിച്ചതാകുമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാപിതാക്കൾ പൊലീസിന് നന്ദി പറഞ്ഞെന്നും ഡിസിപി അറിയിച്ചു. സംഭവം പിന്നീട് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ തേടുന്നുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു. ബ്രഹ്മോസിന്‍റെ ഭാഗത്തു നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ കുട്ടിയെ കണ്ടെത്താൻ പോലീസിനെ വലിയ രീതിയിൽ സഹായിച്ചതായാണ് വിവരം.
ഹൈദരാബാദ് സ്വദേശികളായ അമർദീപ് - റമീന ദേവി ദമ്പതികളുടെ നാല് കുട്ടികളിൽ ഒരുവളാണ് മേരി. ഇന്നലെ (18.02.2024) രാത്രി സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ പുലർച്ചെ ഒരു മണിയോടെ കാണാതായെന്നാണ് പൊലീസിൽ നൽകിയ പരാതി. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പേട്ടയിൽ ഓൾ സെയിന്‍റ്‌സ് കോളജിന് സമീപം മതിൽമുക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്.
കുട്ടിയെ കാണാതാകുന്ന സമയം രണ്ട് പേർ സ്‌കൂട്ടറിൽ പോകുന്നത് കണ്ടതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കുട്ടിയെ കാണാതാകുമ്പോൾ വെള്ളയും കറുപ്പും കലർന്ന ടി ഷർട്ട് ആണ് ധരിച്ചതെന്നാണ് സഹോദരങ്ങൾ പൊലീസിന് നൽകിയ വിവരം. മഞ്ഞ കളറിലുള്ള സ്‌കൂട്ടറിൽ കുട്ടിയെ കടത്തിക്കൊണ്ടു പോയെന്നായിരുന്നു പൊലീസിന്‍റെ നിഗമനം.