കൊല്ലം: പിവി അൻവർ രാഷ്ട്രീയ ശത്രുക്കളുടെ കൈയിലെ ചട്ടുകമായി മാറിയെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഇടതുപക്ഷ മുന്നണിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പാഴ് വേലയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വിഎന്‍ വാസവന്‍.
കേരളത്തിലെ ജനതക്കൊപ്പം നിന്ന് മുന്നോട്ട് പോകുന്ന ഒരു സര്‍ക്കാരാണിത്. അതിനെ ദുര്‍ബലപ്പെടുത്താന്‍ ഒരു അന്‍വറിനും കഴിയില്ല. ഇതിനേക്കാള്‍ വലിയ ആളുകള്‍ നേരത്തെ കേരളത്തില്‍ ഇതിലും വലിയ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിലൊന്നും പതറുന്ന ആളുകളല്ല കേരളത്തിലെ ഭരണാധികാരികളും മുഖ്യമന്ത്രിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉദിച്ചുയരുന്ന ചന്ദ്രബിംബത്തിന് നേരെ സായാഹ്നങ്ങളിൽ നടവരമ്പത്ത് ഇരിക്കുന്ന ക്ഷുദ്രജീവികൾ ചിലച്ചാണ് പ്രതികരിക്കുന്നത്. അതുപോലെയുള്ള ചിലപ്പാണ് അൻവറിൻ്റേതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് അൻവർ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിരുന്ന് എംഎൽഎ സ്ഥാനം നേടി ആ സ്ഥാനം ദുരുപയോഗം ചെയ്‌തിരിക്കുകയാണ് അന്‍വര്‍.
മുഖ്യമന്ത്രിയെ കരിതേച്ച് കാണിക്കാൻ വ്യാമോഹിക്കേണ്ട. ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ല. മുഹമ്മദ് റിയാസ് ഇന്നലെ പെയ്‌ത മഴയ്ക്ക് ഇന്ന് കുരുത്ത തകരയല്ലെന്നും മന്ത്രി വിഎൻ വാസവൻ കൂട്ടിച്ചേര്‍ത്തു.