തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് അര്‍ഹമായ ധനസഹായം അനുവദിക്കുന്നില്ലെന്ന ആരോപണവുമായി മന്ത്രി വിഎന്‍ വാസവന്‍. വിഴിഞ്ഞം വിജിഎഫ് ഫണ്ടിന്‍റെ കാര്യത്തിലാണ് പരാമര്‍ശം. കേന്ദ്രം ബിജെപി ഇതര സര്‍ക്കാരിനോട് കാണിക്കുന്ന ഒരു സമീപനത്തിന്‍റെ ദൃഷ്‌ടാന്തങ്ങളാണ് വിഴിഞ്ഞത്ത് കാണാന്‍ സാധിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
പണം ഗ്രാന്‍ഡായി നല്‍കാന്‍ പറ്റില്ല ലോണായി മാത്രമെ നല്‍കാന്‍ സാധിക്കൂ എന്നാണ് കേന്ദ്ര തീരുമാനം. തിരിച്ചടവ് എംജിവി ആയിട്ടാണ്. അത്തരത്തില്‍ തിരിച്ചടക്കുമ്പോള്‍ 1000 കോടി രൂപയോളം ബാധ്യത ഉണ്ടാകാമെന്നും മന്ത്രി പറഞ്ഞു. തുത്തൂക്കുടി പദ്ധതിക്ക് 1140 കോടി രൂപ കേന്ദ്രം ഗ്രാന്‍ഡായി നൽകിയെന്നും കേരളത്തോട് വിവേചനപരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കമ്മിഷന്‍ ചെയ്യാനുളള തീയതി കാത്തിരിക്കുന്ന സമയത്താണ് കേന്ദ്രം ഗ്രാന്‍ഡ് നല്‍കാതിരിക്കുന്നത്. സംസ്ഥാനം കേന്ദ്രത്തിന് മുകളിലുളള സമ്മർദ്ദം ഇനിയും ശക്തമാക്കും. അർഹതപ്പെട്ടതാണ് കേന്ദ്രം നല്‍കാതിരിക്കുന്നത്. എന്നാല്‍ ഇത് തുറമുഖം കമ്മിഷനിങ്ങിനെ ബാധിക്കില്ലെന്ന ഉറപ്പും മന്ത്രി നല്‍കി.
യഥാര്‍ഥത്തില്‍ വിഴിഞ്ഞം ദേശീയ പ്രാധാന്യമുളള തുറമുഖമാണ്. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ശ്രദ്ധേയമായിരിക്കുകയാണ് വിഴിഞ്ഞം. ട്രയല്‍ റണ്ണിന്‍റെ സമയത്ത് തന്നെ 70 കപ്പലുകള്‍ വന്നു. 14,700 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്ത് സ്വീകരിച്ചു.
കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനത്തെ സംബന്ധിച്ച് അവർ സത്യാവസ്ഥ മറച്ചുപിടിക്കുന്നു. കസ്റ്റംസിന്‍റെ ഒരു രൂപ വരുമ്പോള്‍ 60 പൈസ കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുക. ഇന്ത്യയിലെ 70 ശതമാനത്തോളം ചരക്ക് ഗതാഗതം കൊളമ്പോയിലാണ് നിര്‍വഹിക്കുന്നതെങ്കില്‍ വിഴിഞ്ഞം കമ്മിഷനിങ് ചെയ്യുന്നതിലൂടെ ഇത് വിഴിഞ്ഞത്ത് വരും. ഇവിടെ വരുന്ന കസ്റ്റംസ് ഡ്യൂട്ടിയുടെയും ജിഎസ്‌ടിയുടെയും വിഹിതം കേന്ദ്രത്തിന് പോകുമെന്നും മന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമാണത്തിന് ഒരു രൂപ പോലും ഇതുവരെ കേന്ദ്രം മുടക്കിയിട്ടില്ല. 2150.30 കോടി രൂപ സംസ്ഥാനത്തിന്‍റേതാണ്. ലാഭവിഹിതം 20 ശതമാനം വേണമെന്ന് കേന്ദ്രം പറയുന്നതിന്‍റെ അടിസ്ഥാനം മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. വയനാടിനോടുള്ള കേന്ദ്ര വിവേചനം ചർച്ചയാകുന്നതിനിടെയാണ് വിഴിഞ്ഞം പ്രശ്‌നമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.