തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരോക്ഷമായി വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്(Minister Muhammad Riyas Criticizes Ex Minister Kadampalli Surendran). കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പിടിച്ചില്ലെന്നും ചില താല്‍പര്യമുള്ളവർക്കാണ് ഇഷ്‌ടപ്പെടാതിരുന്നതെന്നും മന്ത്രി പറഞ്ഞു. മുടവൻമുഗൾ പാലത്തിന്‍റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആകാശത്ത് റോഡ് നിർമിച്ചു താഴെ കൊണ്ട് ഫിറ്റ് ചെയ്യാൻ ആകില്ല. ആദ്യ കരാറുകാരനെ പലവട്ടം തിരുത്താൻ ശ്രമിച്ചിട്ടും നടന്നില്ല. എന്തും ചെയ്യാമെന്ന് ഹുങ്കോട് കൂടി പ്രവർത്തിച്ചു കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളി. ആ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ല. തിരിയേണ്ടവർക്ക് തിരിഞ്ഞു എന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.
രണ്ട് മൂന്ന് പദ്ധതികൾ തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. യാത്രതന്നെ അസാധ്യമാക്കിക്കൊണ്ട് നഗരത്തിന്‍റെ പലഭാഗത്തും വിവിധ വികസന പദ്ധതികളുടെ ഭാഗമായി റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങൾ നഗരത്തിൽ താമസിക്കുന്നുണ്ടെന്നും ഇതൊക്കെ എങ്ങനെ പരിഹരിക്കണമെന്ന് കൂട്ടായ ആലോചനയിലൂടെ ചെയ്തുതീർക്കേണ്ട കാര്യമാണെന്നും കടകംപള്ളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.