തൃശൂർ : വേനൽ മഴ ശക്തമാകുന്നുവെന്ന് മന്ത്രി കെ രാജൻ. അതിതീവ്ര മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്നും, നാളത്തോടെ ന്യൂനമർദത്തിൻ്റെ ശക്തി കുറയുമെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൽ ഏറ്റവും കൂടുതൽ മഴ തിരുവനന്തപുരത്തും (378.8 mm) കുറവ് വയനാട്ടിലും (271. m) ആണ് പെയ്‌തത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൺസൂണിൻ്റെ ആദ്യ പകുതിയിൽ അതി തീവ്ര മഴയുണ്ടായാൽ കാര്യങ്ങൾ പേടിയോടെ കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മഴയുണ്ടായാൽ വെള്ളം ഒഴുകി പോകുന്നതിന് തടസമുണ്ടാകുമെന്നും നഗരത്തിലെ ഡ്രൈയ്നേജുകളുടെ കാര്യത്തിൽ പ്രശ്‌നങ്ങളുണ്ടായെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണം. എൻഡിആർഎഫിന്‍റെ രണ്ട് ടീം കേരളത്തിലുണ്ട്. ജൂൺ മാസത്തിൽ 7 ടീമുകൾ കൂടി കേരളത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.