കോഴിക്കോട് : വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടര്‍ന്ന് അട്ടമലയിൽ കുടുങ്ങിയവർ സുരക്ഷിതരെന്ന് റവന്യൂ മന്ത്രി കെ.രാജൻ. മദ്രസയിൽ കുടുങ്ങിക്കിടക്കുന്നവരുമായി ഫോണിൽ സംസാരിച്ചതായും മന്ത്രി പറഞ്ഞു. അവർക്ക് ഭക്ഷണവും വെള്ളവും അവശ്യ സാധനങ്ങളും എത്തിച്ചു. എത്രയും വേഗം അവരെ രക്ഷപ്പെടുത്തും.
തെരച്ചിൽ ഇന്നും തുടരുകയാണ്. കാടുകളിലും പുഴയിലും തെരച്ചിൽ ഊർജിതമാക്കും. നിലവിലെ സ്ഥിതിയിൽ കണ്ടു കിട്ടാനുള്ളവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് (ജൂലൈ 31) ചേരുന്ന മന്ത്രിസഭ യോഗത്തിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖ്യമന്ത്രി ഇന്ന് (ജൂലൈ 31) ദുരന്ത സ്ഥലം സന്ദർശിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്ത് മണിയോടെ വയനാട്ടിലെത്തും. നിലവിൽ 3100 പേരാണ് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലായി കഴിയുന്നത്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് ചികിത്സ തേടിയ പലരും ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയി ക്യാമ്പിലാണ് കഴിയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Also Read : വയനാട് ഉരുൾപൊട്ടൽ; രക്ഷാദൗത്യത്തിന് കൂടുതൽ സൈനികരെത്തും - chooralmala Search Operation