തിരുവനന്തപുരം: കാലവർഷക്കെടുതികൾക്കിടെ കേരള തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നത് ആശങ്കയാകുന്നു. ജൂലൈ 19ന് അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും ഇടുക്കി, തൃശൂർ ജില്ലകളിലും വടക്കൻ കേരളത്തിലും ശക്തമായ മഴ ലഭിച്ചേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി അതിതീവ്രമഴ തുടരുന്നതിനിടെയാണ് പുതിയ ന്യൂനമർദമുണ്ടാകുമെന്ന കാലാവസ്ഥ മുന്നറിപ്പ്.
ജൂലൈ 19 മുതൽ ഓഗസ്റ്റ് മൂന്ന് വരെ നീണ്ട് നിൽക്കുന്ന ന്യൂന മർദ്ദത്തെ തുടർന്ന് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം സംസ്ഥാനത്ത് പ്രളയമുണ്ടാകാൻ സാധ്യതയില്ലെന്നും സുരക്ഷ നടപടിക്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലിയിരുത്തുന്നതിനായി റവന്യൂ മന്ത്രി കെ രാജന്‍റെ നേതൃത്വത്തിൽ ജില്ല കലക്‌ടർമാരുടെ യോഗം ചേർന്നു. അപകട സാഹചര്യങ്ങൾ മുന്നിൽകണ്ട് ആവശ്യമായ തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതകൾ നിലനിൽക്കുന്ന വിവിധ പ്രദേശങ്ങൾ പ്രത്യേകമായി നിരീക്ഷിക്കും.
മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്രക്ക് ആവശ്യമെങ്കിൽ നിരോധനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രളയ ഭീതിയില്ലെന്നും കെ.രാജൻ വ്യക്തമാക്കി.
Also Read: കേരളത്തില്‍ കനത്ത മഴ: 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി