തിരുവനന്തപുരം : ലോക്‌സഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ച് കെ.രാധാകൃഷ്‌ണന്‍. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജി സമര്‍പ്പിച്ച അദ്ദേഹം നിയമസഭ സ്‌പീക്കർ എ.എൻ ഷംസീറിനെ കണ്ട് നിയമസഭാംഗത്വവും രാജിവച്ചു. വികെ പ്രശാന്ത് എംഎൽഎയ്ക്കും മറ്റ് പ്രവർത്തകർക്കുമൊപ്പമാണ് കെ.രാധാകൃഷ്‌ണൻ രാജി സമർപ്പിക്കാൻ എത്തിയത്.
ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്നാണ് കെ. രാധാകൃഷ്‌ണന്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോളനി, സങ്കേതം, ഊര് എന്നീ പദങ്ങൾ പിൻവലിച്ച് ഉത്തരവ് പുറത്തിറക്കിയ ശേഷമാണ് രാജി നൽകിയതെന്നതാണ് ശ്രദ്ധേയം. ഇതു സംബന്ധിച്ച് പട്ടിക ജാതി ക്ഷേമ വകുപ്പ് ഇന്ന് (ജൂണ്‍ 18) രാവിലെയായിരുന്ന ഉത്തരവിറക്കിയത്. നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പദങ്ങളാകും പകരം ഉപയോഗിക്കുകയെന്നും ഉത്തരവിൽ പറയുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക എൽഡിഎഫ് സ്ഥാനാർഥിയാണ് കെ രാധാകൃഷ്‌ണൻ. ആലത്തൂരിലെ സിറ്റിങ് എംപി രമ്യ ഹരിദാസിനെ 20,111 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലേക്ക് കെ.രാധാകൃഷ്‌ണൻ തെരഞ്ഞെടുക്കപ്പെട്ടത്.