തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമമായ യാത്ര ഒരുക്കുന്നതിനായി റെയില്‍വേ രണ്ടു റൂട്ടുകള്‍ പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം സാധ്യത പഠനത്തിന് ശേഷമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവ്. 114 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അങ്കമാലി-എരുമേലി ശബരി പാത അയ്യപ്പക്ഷേത്രത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അവസാനിക്കും. മറ്റൊരു പാതയായ ചെങ്ങന്നൂര്‍-പമ്പ റൂട്ട് ശബരിമല ക്ഷേത്രത്തിന് 5 കിലോമീറ്റര്‍ മാത്രം അകലെയാണ്. പക്ഷേ ഇതില്‍ ഏത് പാത വേണമെന്നത് സംബന്ധിച്ച് സാധ്യത പഠനത്തിന് ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ബജറ്റിന് ശേഷം സംസ്ഥാനങ്ങളിലെ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അങ്കമാലി-എരുമേലി പാതയുടെ ദൈര്‍ഘ്യം 114 കിലോമീറ്ററാണ്. എന്നാല്‍ ഇതിനാവശ്യമായ സ്ഥലമെടുപ്പ് വേണ്ട രീതിയില്‍ പുരോഗമിച്ചിട്ടില്ല. ചെങ്ങന്നൂര്‍-പമ്പ 71 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇതില്‍ ഏതാണ് അനുയോജ്യമെന്ന് കണ്ടെത്തിയ ശേഷം പാത നിശ്ചയിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് 459 ഹെക്‌ടര്‍ സ്ഥലമാണ് വേണ്ടത്. ഇതില്‍ 62 ഹെക്‌ടര്‍ മാത്രം ഏറ്റെടുക്കാനേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികളെത്തണമെങ്കില്‍ അതിനാവശ്യമായ ട്രാക്കിന്‍റെ ശേഷി വര്‍ധിപ്പിക്കണം. ഇതിനായി കൂടുതല്‍ പാതകള്‍ ഉണ്ടാകുകയാണ് വേണ്ടത്. ഇതിനായി മൂന്നാം ലൈനും നാലാം ലൈനും നിര്‍മിക്കാന്‍ റെയില്‍വേ തയ്യാറാണ്. ഇതിന് പണം പ്രശ്‌നമാകില്ല.
കേരളത്തിലെ ട്രെയിനുകളില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ ഏര്‍പ്പെടുത്തും. ഇതിനായി ഈ വര്‍ഷം 2,500 പുതിയ കോച്ചുകള്‍ റെയില്‍വേ നിര്‍മിക്കും. അടുത്ത ഒന്ന്, രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 കോച്ചുകള്‍ നിര്‍മിക്കുന്നതോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും. പാലക്കാട് ഡിവിഷന്‍ വിഭജിക്കുന്നു എന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.
5 സ്റ്റേഷനുകള്‍ ഇക്കൊല്ലം പുനര്‍ നിര്‍മിക്കുമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് ധപ്ല്യാല്‍ പറഞ്ഞു. അടുത്ത 40 കൊല്ലത്തേക്കുള്ള സൗകര്യങ്ങള്‍ കണക്കിലെടുത്ത് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കും. വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍റെ വികസനം പൂര്‍ത്തിയായി വരികയാണ്.
ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 100 കിലോമീറ്ററായി ഉയര്‍ത്തുന്നതിന് ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. വേഗത ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുമെന്ന് ഡിആര്‍എം അറിയിച്ചു.
Also Read: ട്രെയിനിലെ സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ കുറയ്ക്കുന്നത് ദരിദ്രരോടുള്ള വെല്ലുവിളിയോ