തിരുവനന്തപുരം : മാനന്തവാടിയിൽ മണിക്കൂറുകളായി ഭീതി പടർത്തുന്ന കാട്ടാനയെ മയക്കുവെടി വയ്‌ക്കാൻ ഉത്തരവ് പുറപ്പെടുവിക്കുന്നതിലും ആളുകളെ വിവരം അറിയിക്കുന്നതിനും വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ (Minister AK Saseendran on Wild Elephant Thanneer Komban). തണ്ണീർ കൊമ്പനെ പിടികൂടാനുള്ള 90 ശതമാനം പണികളും കഴിഞ്ഞു. ട്രാക്കിങ്ങിനുള്ള പണികൾ തുടങ്ങി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഒരു മണിക്കൂറിനുള്ളിൽ മയക്കുവെടി വയ്‌ക്കാൻ കഴിയുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. കർണാടക വനം വകുപ്പുമായി ചർച്ച നടത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുലർച്ചെയാണ് ആനയെ കണ്ടത്. ആദ്യമേ മയക്കുവെടി വയ്‌ക്കാൻ സാധിക്കില്ലെന്നും, ആദ്യം ആനയെ ഉൾ വനത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.
പിന്നീട് കുങ്കിയാനകളെ കൊണ്ടുവന്നു. അതും പരാജയപ്പെട്ടപ്പോഴാണ് മയക്കു വെടി വയ്‌ക്കാൻ തീരുമാനിച്ചത്. സ്വാഭാവികമായ കാലതാമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.
രാവിലെ 8 മണിക്ക് തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അഭ്യൂഹങ്ങൾ പലതും പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ട് വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നു എന്ന് പരിശോധിക്കണം.
എല്ലാറ്റിനും പരിഹാരം ഉണ്ടാകുന്ന രീതിയിൽ സമഗ്ര പദ്ധതിയാണ് വേണ്ടത്. അത്തരം ഒരു പദ്ധതി കേരളം കൊണ്ടുവന്നുവെന്നും, കേന്ദ്രത്തെ കണ്ടെങ്കിലും ഒരു തീരുമാനവും അറിയിച്ചിരുന്നില്ലെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
ALSO READ : മാനന്തവാടിയില്‍ കാട്ടാന; നിരീക്ഷണം ശക്തമാക്കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ