തൃശൂര്‍ : പിറന്ന് ദിവസങ്ങൾക്കുള്ളിൽ പാൽ ചുരത്തി പശുക്കിടാവ്. തൃശൂർ മാന്ദാമംഗലം സ്വദേശി തോട്ടാമറ്റത്തിൽ സ്‌കറിയയുടെ വീട്ടിലാണ് പശുക്കിടാവ് പാൽ ചുരത്തിയത് (calf milked after the second day of birth). ജനിച്ചു രണ്ട് ദിവസത്തിനു ശേഷമാണ് പശുക്കിടാവ് പാൽ ചുരത്തി തുടങ്ങിയത്.
സ്‌കറിയയുടെ നാലുവയസുള്ള എച്ച് എഫ് ഇനത്തിൽ പെട്ട പശുവിന്‍റെ കടിഞ്ഞൂൽ പ്രസവമായിരുന്നു ഇത്. കിടാവിന്‍റെ വീർത്ത അകിട് പരിശോധിച്ചതിൽ നിന്നാണ് പാൽ നിറഞ്ഞതാണെന്ന് കണ്ടെത്തിയത്. തുടർന്ന് മാന്ദാമംഗലത്തു നിന്നും വെറ്ററിനറി ഡോക്‌ടർ എത്തി സംഭവം സ്ഥിരീകരിച്ചു.
തുടർന്ന് ഡോക്‌ടർ അകിട് പിഴിഞ്ഞു പാൽ പുറത്തു കളയുകയും ചെയ്‌തു. പാൽ ഉത്പാദനം കുറയുന്നതിനായി കുത്തിവയ്പ്പും നൽകി. ഇതോടെ പാലിന്‍റെ അളവിൽ കുറവ് വന്നിട്ടുണ്ട്. പശുക്കിടാവ് പാൽ ചുരത്തുന്നു എന്നറിഞ്ഞ് കൗതുകത്തോടെ നിരവധി ആളുകളാണ് കാണാൻ എത്തുന്നത്.
തള്ളപ്പശുവിന് നൽകിയ ഇഞ്ചക്ഷന്‍റെ ഭാഗമായി ഉണ്ടായ ഹോർമോൺ വ്യതിയാനമാകാം പശുക്കിടാവ് പാൽ ചുരത്തുന്നതിനു കാരണം എന്നതാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ശാസ്ത്രീയപഠനം ആവശ്യമാണ്.