എറണാകുളം : തൃശൂർ ,പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം. രാവിലെ 8.16 നാണ് ഭൂചലനമുണ്ടായത്. റിക്‌ടർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. തൃശൂർ ജില്ലയിലെ കുന്നംകുളം, വെള്ളറക്കാട്, മുണ്ടൂർ, എരുമപ്പെട്ടി കരിയന്നൂർ,വെള്ളത്തേരി, വേലൂർ, നെല്ലിക്കുന്ന് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. പാലക്കാട്ട് തിരുമിറ്റക്കോട്,കുമരനെല്ലൂര്‍, ആലത്തൂര്‍ മേഖലയിലുമാണ് ഭൂചലനം ഉണ്ടായത്.
മൂന്ന് മുതൽ നാല് സെക്കന്‍റ് വരെ പ്രകമ്പനം നീണ്ടുനിന്നു. ചില വീടുകളിൽ പാത്രങ്ങൾ ഇളകുകയും വീട്ടുപകരണങ്ങൾ താഴെ വീഴുകയും ചെയ്‌തു. വലിയ മുഴക്കത്തോടെയായിരുന്നു ഭൂമി കുലുക്കം. ഇതോടെ ആളുകൾ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടുകയായിരുന്നു. ഭൂചലനത്തിൽ നാശനഷ്‌ടങ്ങളോ ആളപായമോ ഉള്ളതായി വിവരം ലഭിച്ചിട്ടില്ല.
അതേസമയം ഭയപ്പെടാനില്ലെന്ന് ജില്ലാഭരണകൂടം ജനങ്ങളെ അറിയിച്ചു. ഭൂചലനം ഉണ്ടായ മേഖലകളിൽ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്താൻ ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. തൃശൂരിന് 18 കിലോമീറ്റര്‍ വടക്കായാണ് പ്രഭവകേന്ദ്രമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ : നടുങ്ങി തായ്‌വാന്‍; കാല്‍ നൂറ്റാണ്ടിനിടെ ഏറ്റവും ശക്തമായ ഭൂചലനം; മരിച്ചവരുടെ എണ്ണം 7 ആയി