എറണാകുളം : മുഹമ്മദ് നബിയുടെ 1499-ാം ജന്മദിനാഘോഷ നിറവില്‍ ഇസ്‌ലാം മതവിശ്വാസികള്‍. സംസ്ഥാനത്താകെ വിപുലമായ പരിപാടികളാണ് നബിദിനത്തോട് അനുബന്ധിച്ച് നടക്കുന്നത്. പ്രവാചക പ്രകീർത്തനമായ മൗലീദ് സദസുകൾ, നബി സന്ദേശ പ്രഭാഷണങ്ങൾ, മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ, മീലാദ് ഘോഷ യാത്ര, അന്നദാനം എന്നിവയാണ് പ്രധാന പരിപാടികള്‍.
കൊച്ചിയിലും വിവിധ മഹല്ല് ജമാഅത്തുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ മീലാദാഘോഷം സംഘടിപ്പിച്ചു. സമാധാനവും സൗഹാർദവും വിളമ്പരം ചെയ്യുകയാണ് നബിദിന ആഘോഷമെന്ന് എറണാകുളം തോട്ടത്തുംപടി ജുമാ മസ്‌ജിദ് ഇമാം ത്വാഹാ അശ്അരി പറഞ്ഞു. വഴിതെറ്റി സഞ്ചരിക്കുന്ന മാനവിക സമൂഹത്തെ നേർവഴിയിലേക്ക് നയിക്കുന്നതാണ് പ്രവാചക സന്ദേശങ്ങൾ. വർഗീയതക്കെതിരായ നിലപാടാണ് പ്രവാചകൻ സ്വീകരിച്ചത്. മതമൈത്രിയുടെ സന്ദേശമാണ് മുഹമ്മദ് നബി പഠിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
മദ്രസ വിദ്യാർഥികൾ അണിനിരന്ന ഘോഷയാത്രകൾ നബിദിനാഘോഷത്തിന്‍റെ പ്രധാന ആകര്‍ഷണമാണ്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ മദ്രസകൾ കേന്ദ്രീകരിച്ചാണ് മീലാദ് സന്ദേശ ഘോഷയാത്രകൾ സംഘടിപ്പിച്ചത്. ഹിജ്റ വര്‍ഷം മൂന്നാം മാസമായ റബീഉൽ അവ്വൽ 12-ന് പ്രഭാതത്തിലായിരുന്നു മുഹമ്മദ് നബിയുടെ ജനനം.
മുഹമ്മദ് നബിയുടെ ജീവിതവും ദർശനവും അനുസ്‌മരിച്ചാണ് വിശ്വാസികൾ നബിദിനം ആഘോഷിക്കുന്നത്. ആധുനിക സമൂഹത്തിലും ഏറെ പ്രസക്തമാണ് മുഹമ്മദ് നബിയുടെ ദര്‍ശനങ്ങൾ. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മില്‍പെട്ടവനെല്ലെന്ന നബി വചനം മാനവികതയുടെ മഹത്തായ സന്ദേശമാണ് സമൂഹത്തിന് പകർന്നു നൽകുന്നത്.
എന്‍റെ മകൾ ഫാത്തിമ കട്ടാലും ഞാൻ അവളുടെ കൈ വെട്ടുമെന്ന വചനം നീതിയുടെ മുമ്പിൽ എല്ലാവരും തുല്ല്യരാണെന്ന് ഓർമിപ്പിക്കുകയാണ്. അധ്വാനത്തിന്‍റെ വിയർപ്പ് വറ്റുന്നതിന് മുമ്പ് തൊഴിലാളിക്ക് വേതനം നൽകണമെന്ന നിർദേശം ചൂഷണ രഹിതമായ സാമൂഹ്യ വ്യവസ്ഥയ്ക്ക് വേണ്ടിയുള്ള ആഹ്വാനം കൂടിയാണ്.
അറബിക്ക് അനറബിയേക്കാൾ സ്ഥാനമില്ല. വെളുത്തവന് കറുത്തവനെക്കാൾ സ്ഥാനമില്ല. എല്ലാ മനുഷ്യരും സമൻമാരാണെ പ്രവാചക വചനം മനുഷ്യർക്കിടയിലെ എല്ലാ വിവേചനങ്ങൾക്കുമെതിരായ ശക്തമായ പ്രഖ്യാപനമായിരുന്നു. സ്ത്രീകളോടും കുട്ടികളോടും കരുണ കാണിക്കാത്തവർ നമ്മിൽ പെട്ടവനല്ല. മദ്യവും മയക്കുമരുന്നുമുൾപ്പടെ മനുഷ്യന്‍റെ തിരിച്ചറിവ് നഷ്ട്ടപെടുന്നതെല്ലാം വർജ്ജിക്കണമെന്ന നബി സന്ദേശമുൾപ്പടെയാണ് മീലാദ് ആഘോഷ പരിപാടികളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്.