കോഴിക്കോട്: മൂന്ന് കിലോയിലധികം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ജയ്പാൽ ഗുരു ജില്ലയിലെ പർഹാർപൂർ സ്വദേശി സഹജൻ അലി (29) ആണ് താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കൊടുവള്ളി കുറുങ്ങോട്ട് കടവ് പാലത്തിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് സഹജൻ അലി വലയിലായത്. ബാഗിൽ സൂക്ഷിച്ച 3 കിലോ 200 ഗ്രാം കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർമാരായ ഒ ഷിജുമോൻ, സി സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ് സുജിൽ, ഇ.അഖിൽദാസ് എന്നിവ അടങ്ങിയ സംഘമാണ് നേതൃത്വം നൽകിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഒന്നര കിലോ കഞ്ചാവുമായി പ്രതി പിടിയിൽ: വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന 1.6 കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ചാത്തമംഗലം മലയമ്മ പട്ടേൽ കുന്നുമ്മൽ അബ്ദുറഹിമാൻ 56നെയാണ് കുന്ദമംഗലം റേഞ്ച് എക്സൈസും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് അറസ്റ്റ് ചെയ്തത്.
ചാത്തമംഗലത്തിനു സമീപം കട്ടാങ്ങലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. കവറിലാക്കി സ്കൂട്ടറിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
കട്ടാങ്ങലിൽ എൻഐടിക്ക് സമീപം വ്യാപകമായി മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ പി രമേശിന്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫിസർ വസന്തൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഓഫിസർ സിറാജ്, അർജുൻ വൈശാഖ്, അജിത്ത്, ഷഫീഖ് അലി, ശ്രീജി, പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.