കോട്ടയം: കോട്ടയം റൂട്ടിൽ രാവിലെയുള്ള ട്രെയിൻ യാത്ര ദുരിതത്തിന് പരിഹാരം. കൊല്ലം-എറണാകുളം പാതയിൽ മെമു ട്രെയിൻ സർവീസ് ആരംഭിച്ചു. സ്പെഷൽ ട്രെയിനായിട്ടാണ് മെമു സർവീസ് നടത്തുക.
എറണാകുളം ജങ്‌ഷൻ സൗത്ത് വരെയാണ് ട്രെയിൻ സർവീസ് നടത്തുക. ഇന്ന് (ഒക്‌ടോബര്‍ 7) രാവിലെ എൻകെ പ്രേമചന്ദ്രൻ എം.പി, കൊടിക്കുന്നിൽ സുരേഷ്, റെയിൽ പാസഞ്ചേഴ്‌സ് അസോസിയേഷൻ അംഗങ്ങള്‍ തുടങ്ങിയവര്‍ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. പുലർച്ചെ 5.55ന് കൊല്ലത്ത് നിന്നും പുറപ്പെട്ട മെമു ട്രെയിൻ യാത്രയിൽ എം.പിമാരും യാത്രക്കാരായി.
ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങളെക്കുറിച്ചും വന്ദേ ഭാരതിൻ്റെ പുതിയ എഡിഷനായ വന്ദേ മെട്രോ സർവീസ് ആരംഭിക്കുന്നത് റെയിൽവേ ബോർഡിന്‍റെയും മന്ത്രാലയത്തിന്‍റെയും പരിഗണനയിൽ ആണെന്നും എംകെ പ്രേമചന്ദ്രൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പെരിനാട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിനും എംപിമാർക്കും യുഡിഎഫിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി. എംകെ പ്രേമചന്ദ്രൻ പെരിനാട് റെയിൽവേ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി എറണാകുളം വരെ യാത്ര തുടർന്നു. തിങ്കൾ മുതൽ വെള്ളി വരെയുള്ള 5 ദിവസങ്ങളിൽ രാവിലെ 5.55ന് പുറപ്പെട്ട് 9.35ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് മെമുവിന്‍റെ സമയക്രമം. തിരികെ രാവിലെ 9.50ന് കൊല്ലത്തേക്ക് തിരിക്കും.
ജനുവരി 3 വരെ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. താത്‌കാലിക സർവീസായാണ് പുതിയ മെമു എങ്കിലും യാത്രക്കാരുടെ തിരക്ക് പരിശോധിച്ച് സ്ഥിരം സർവീസ് നടത്തും. രാവിലെ തൂത്തുക്കുടി- പാലക്കാട് പാലരുവി എക്‌സ്‌പ്രസ്, തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾക്ക് ഇടയിലാണ് മെമു സർവീസ് നടത്തുക.
കായംകുളം- കോട്ടയം- എറണാകുളം റെയിൽ പാതയിൽ നിലവിൽ രാവിലെ തിരക്ക് ഏറെയാണ്. പുലർച്ചെ 4.50ന് പാലരുവി എക്‌സ്‌പ്രസ് കൊല്ലം സ്റ്റേഷന്‍ വിട്ടാൽ 6.40ന് മാത്രമാണ് വേണാട് കൊല്ലത്ത് നിന്ന് യാത്ര ആരംഭിക്കുക. ഇതിനിടെ 6ന് വന്ദേഭാരത് എക്‌സ്‌പ്രസ് കടന്നുപോകും. ഈ ഇടവേളയിൽ മെമു ട്രെയിൻ എന്നതായിരുന്നു ആവശ്യം.
പുതിയ ട്രെയിൻ യാത്ര ആരംഭിച്ചതോടെ യാത്രക്കാരും സന്തോഷത്തിലാണ്. വേണാട് എറണാകുളം ജങ്ഷൻ സ്‌റ്റേഷൻ ഒഴിവാക്കി എറണാകുളം ടൗൺ നോർത്ത് വഴി സർവീസ് നടത്തി തുടങ്ങിയതോടെ സൗത്ത് സ്റ്റേഷനിൽ പോകേണ്ട സ്ഥിരം യാത്രക്കാർ ബുദ്ധിമുട്ടിലായിരുന്നു. അവരുടെ പരാതിക്കും പുതിയ മെമു വരുന്നതോടെ പരിഹാരമാകും.
Also Read : പ്രകൃതിയുടെ മടിത്തട്ടിലൂടെ ഒരു യാത്ര; അതിമനോഹരമായ ട്രെയിൻ പാതകളെ കുറിച്ചറിയാം