തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ലൈംഗികാരോപണം അന്വേഷിക്കാൻ പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം. ഇതിനായി ഇന്ന് രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്ത് യോഗം ചേരും. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, അന്വേഷണ സംഘത്തിലെ നിരവധി പേർ ഓൺലൈനായി പങ്കെടുക്കും.
ക്രൈം ബ്രാഞ്ച് എഡിജിപി വെങ്കിടേഷ് ഐപിഎസിന്‍റെ മേൽനോട്ടത്തിൽ ഐജി സ്‌പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് സിനിമ മേഖലയിൽ ഉയരുന്ന ലൈംഗികാരോപണങ്ങൾ അന്വേഷിക്കുക. ഡിഐജി എസ്.അജിത ബീഗം, ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സ് എസ്.പി മെറിന്‍ ജോസഫ്, കോസ്‌റ്റല്‍ പൊലീസ് എഐജി ജി.പൂങ്കുഴലി, പൊലീസ് അക്കാദമി അസി.ഡയറക്‌ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, ലോ ആന്‍ഡ് ഓര്‍ഡര്‍ എഐജി അജിത്ത്.വി, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്.മധുസൂദനന്‍ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാകും അന്വേഷണം ആരംഭിക്കുക.
തുടർ നടപടികൾക്കായുള്ള നിയമവശങ്ങൾ ഉൾപ്പെടെ ഇന്നത്തെ യോഗത്തിൽ ചർച്ചയാക്കുമെന്നാണ് വിവരം. നിലവിൽ ആരോപണം ഉന്നയിച്ചവരിൽ ബംഗാളി നടി ശ്രീലേഖ മിത്ര, മിനു മിത്ര എന്നിവരാണ് പൊലീസിനെ സമീപിച്ചത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ നടൻ സിദ്ദിഖും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
Also Read: 'മാധ്യമങ്ങൾ പറയുന്നതൊക്കെ ശരിയാണോ...?': പൃഥ്വിരാജ് - PRITHVIRAJ AGAINST MEDIA REPORTS