പത്തനംതിട്ട: കേരള ബാങ്ക് എന്നപേരിൽ അറിയപ്പെടുന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും നടത്തുന്ന കേന്ദ്രങ്ങളായി മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. എൻഡിഎ സ്ഥാനാർഥി അനിൽ കെ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പത്തനംതിട്ട പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍.
സിഎഎ രാജ്യത്തിൻ്റ നിയമമാണെന്നും ചിന്താശേഷിയുള്ള ജനങ്ങളുള്ള രാജ്യമാണിതെന്നും അവർ പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞത് ബിജെപി അല്ലെന്നും ഹൈക്കോടതിയാണെന്നും മന്ത്രി പറഞ്ഞു. എൻഡിഎയുടെ പ്രകടന പത്രിക പ്രകാശനവും നടന്നു.
വിശുദ്ധ വിനോദസഞ്ചാരത്തിന്‍റെ പേരില്‍ ലോകമാകെ അറിയപ്പെടുന്ന മേഖലയാണ് പത്തനംതിട്ട. ആഗോള തീര്‍ത്ഥാടന- സഞ്ചാര മേഖലയായ ശബരിമലയും നിരവധി വിഖ്യാതമായ ക്രൈസ്‌തവ പള്ളികളും സ്ഥിതി ചെയ്യുന്ന മണ്ഡലമാണിത്. ധാരാളം പേര്‍ ഇവിടേക്ക് എത്തുന്നു. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ഇവിടുത്തെ മാറി മാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ ഈ ജില്ലയെ അവഗണിച്ചുവെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ ഇവിടുത്തെ ജനതയെ അവഗണിച്ചതിന്‍റെ പ്രയാസങ്ങള്‍ അവര്‍ അനുഭവിച്ചു.
ശബരിമലയുടെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യാന്‍ കേരളത്തിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ ശ്രമിച്ചു. എന്നാല്‍ വിശ്വാസം ജനങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ സര്‍ക്കാരിന് ഇടപെടേണ്ട കാര്യമില്ലെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. അതാണ് യഥാര്‍ത്ഥ മതേതരത്വമെന്നും അവര്‍ പറഞ്ഞു. ഇവയെല്ലാം സംരക്ഷിക്കേണ്ടതിന് വേണ്ടിയാണ് അനില്‍ ആന്‍റണിയെ തങ്ങള്‍ സ്ഥാനാര്‍ത്ഥിയായി ഈ മണ്ഡലത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു.