തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി എക്സൈസ് മന്ത്രി എംബി രാജേഷ്. മദ്യ നയത്തിൽ പ്രാഥമിക ചർച്ച നടക്കുക ഈ മാസം 12, 13 തീയതികളിലാകുമെന്നും മന്ത്രി അറിയിച്ചു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നുണ്ടായ വാക്ക് ഔട്ടിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി എംബി രാജേഷ്.
വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും പണം പിരിക്കാൻ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമായിരുന്നു തന്‍റെ പരാതിയെന്നും എംബി രാജേഷ് വ്യക്തമാക്കി. ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ല. വാലും തുമ്പുമില്ലാത്ത വാട്‌സ് ആപ്പ് വോയ്‌സിന്‍റെ പേരിൽ പ്രതിപക്ഷം ഉയർത്തിയ ബാർ കോഴ വിവാദം 48 മണിക്കൂർ ആയുസില്ലാതെ ഒടുങ്ങിയതാണ്.
ഈ വിഷയവുമായാണ് പ്രതിപക്ഷം നിയമസഭയിൽ എത്തിയത്. പ്രതിപക്ഷത്തിന്‍റെ കല്ലുവച്ച നുണകൾ ഓരോന്നായി സഭയിൽ പൊളിഞ്ഞു. ടൂറിസം വകുപ്പിന് സ്റ്റേക്ക് ഹോൾഡർമാരിൽ നിന്നും നിരവധി നിവേദനങ്ങൾ മദ്യ നയവുമായി ബന്ധപ്പെട്ട് ലഭിക്കാറുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടൂറിസം ഡയറക്‌ടറുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. ടൂറിസത്തിന് മദ്യ നയത്തിൽ മാറ്റം വരുത്താനാകില്ല. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
ബാര്‍ മുതലാളിമാരുടെ നേതാവിന്‍റെ വാട്‌സ്‌ആപ്പ് സന്ദേശം പുറത്തുവന്ന സംഭവത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം സംബന്ധിച്ച് സഭയില്‍ എംഎല്‍എ റോജി എം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ വാക്ക് ഔട്ട് നടത്തിയത്. അതേസമയം വിഷയത്തില്‍ എക്‌സൈസ് മന്ത്രി കൃത്യമായ ഉത്തരം നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആരോപിച്ചു.
മന്ത്രി ദുര്‍ബലമായ വാദങ്ങള്‍ നിരത്തി ഒഴിഞ്ഞുമാറിയെന്നും ബാറുടമകളുടെ പണപ്പിരിവ് ഗൗരവകരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് മന്ത്രി എംബി രാജേഷിന്‍റെ പ്രതികരണം.