തിരുവനന്തപുരം : കെഎസ്ആർടിസി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് ബസ് കണ്ടക്‌ടറെ ചോദ്യം ചെയ്യുന്നു. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്‌ടര്‍ സുബിനെയാണ് തമ്പാനൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നത്. തര്‍ക്കത്തിന് പിന്നാലെ ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലീസ് നടപടി.
മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായി നടുറോഡിലുണ്ടായ തര്‍ക്കത്തിന്‍റെ ദൃശ്യങ്ങള്‍ അടങ്ങിയ സിസിടിവി മെമ്മറി കാര്‍ഡാണ് നഷ്‌ടപ്പെട്ടത്. മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും തങ്ങളുടെ സ്വാധീനമുപയോഗിച്ച് മെമ്മറി കാര്‍ഡ് നശിപ്പിച്ചുവെന്നാണ് പരാതി. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.
സംഭവത്തില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് മേയറെയും എംഎല്‍എയും പ്രതിയാക്കി കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലും ഇരുവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കേസിന്‍റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് തമ്പാനൂര്‍ പൊലീസ് അറിയിച്ചു.
ഏപ്രില്‍ 27ന് പാളയത്തുവച്ചാണ് കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുമായി മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും വാക്കേറ്റത്തിലേര്‍പ്പെട്ടത്. മേയര്‍ സഞ്ചരിച്ച കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം. പാളയത്തുവച്ച് ഇരുവരും ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ട്രിപ്പ് മുടക്കിയെന്നും തന്നോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി ഡ്രൈവര്‍ കന്‍റോണ്‍മെന്‍റ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. അതേസമയം ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് യദു കോടതിയെ സമീപിച്ചതോടെയാണ് പൊലീസ് മേയര്‍ക്കും ഭര്‍ത്താവിനും എതിരെ കേസെടുത്തത്.