തിരുവനന്തപുരം : മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് അപേക്ഷ നല്‍കി. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന മേയറുടെ പരാതിയില്‍ ആണ് നടപടി.
ഏപ്രില്‍ 27 ന് രാത്രിയായിരുന്നു തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മില്‍ പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍വച്ച് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവ ദിവസം തന്നെ മേയറുടെ പരാതിയില്‍ ഡ്രൈവര്‍ യദുവിനെ പൊലീസ് പിടികൂടിയ ശേഷം ജാമ്യത്തില്‍ വിട്ടിരുന്നു.
പിന്നാലെ ഡ്രൈവര്‍ യദുവും പരാതി നല്‍കിയിരുന്നെങ്കിലും ആദ്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ല. പിന്നാലെ യദു കോടതിയെ സമീപിക്കുകയും കോടതിയുടെ നിര്‍ദേശ പ്രകാരം മേയര്‍ക്കെതിരെയും ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവിനെതിരെയും ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയുമായിരുന്നു. ഇരുവരുടെയും വാദങ്ങള്‍ക്ക് തെളിവായ കെഎസആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് ഇതു വരെ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല.
തമ്പാനൂര്‍ പൊലീസാണ് മെമ്മറി കാര്‍ഡ് നഷ്‌ടമായതില്‍ അന്വേഷണം നടത്തുന്നത്. യാത്രക്കാരുടെയും ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയെങ്കിലും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് അന്വേഷണത്തെ കാര്യമായി ബാധിക്കുന്നതായാണ് തമ്പാനൂര്‍ പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയെന്നാണ് ഫോറന്‍സിക് വിഭാഗം പറയുന്നതെങ്കിലും റിപ്പോര്‍ട്ട് ഇതു വരെ ലഭിച്ചിട്ടില്ലെന്നാണ് തമ്പാനൂര്‍ പൊലീസും കന്‍റോണ്‍മെന്‍റ് പൊലീസും വ്യക്തമാക്കുന്നത്.