തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ഡ്രൈവര്‍-മേയര്‍ തര്‍ക്കത്തില്‍ ആര്യ രാജേന്ദ്രനെതിരെയുള്ള അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡ്രൈവറുടെ ഹര്‍ജി തള്ളി കോടതി. കേസിലെ പൊലീസ് അന്വേഷണം തൃപ്‌തികരമാണെന്നും പ്രാഥമിക ഘട്ടത്തില്‍ നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വിലയിരുത്തി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
കേസ് അന്വേഷണത്തിന്‍റെ ഇതുവരെയുള്ള റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസ് റിപ്പോര്‍ട്ടും പ്രോസിക്യൂട്ടറുടെ വാദവും അംഗീകരിച്ചാണ് കോടതി നടപടി. ഏതാനും ദിവസം മുമ്പാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചത്.
കേസിലെ പ്രതികള്‍ മേയറും എംഎല്‍എയുമാണ്. അതുകാരണം അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യദു ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് ഗൗരവമുള്ളതാണ്. എന്നാല്‍ അതീവ ഗൗരവമുള്ളതല്ലെന്നുമാണ് പ്രോസിക്യൂട്ടര്‍ മനു കല്ലംമ്പള്ളി ഇതിന് മറുപടി നല്‍കിയത്. കേസിന് പ്രധാന്യം നല്‍കുന്നത് വകുപ്പുകളല്ല മറിച്ച് അതിലെ പ്രതികളാണെന്നും എപിപി വാദിച്ചു.
ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് രാത്രി 10 മണിയോടെ പാളയം സാഫല്യം കോംപ്ലക്‌സിന് മുന്നില്‍ വച്ചാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. മേയറും ഭര്‍ത്താവ് സച്ചിന്‍ദേവും സഞ്ചരിച്ച കാറിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്. മേയറും ഭര്‍ത്താവും കെഎസ്‌ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു.
Also Read: മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്