കോഴിക്കോട്: മുത്താച്ചിയെ സ്‌തുതിച്ചുള്ള തോറ്റം ഉച്ചസ്ഥായിയിലെത്തി. കാവിന്‍റെ തിരുമുറ്റത്ത് തുടിയുടെ താളം മുറുകി. നാൽപ്പത്തിരണ്ടര വെള്ളാട്ട് ആരംഭിക്കുകയാണ്. കയ്യിൽ കുറുവടിയുമായി നാൽപ്പത്തി രണ്ടര വെള്ളാട്ടുകൾ പ്രത്യേക താളം ചവിട്ടി മുത്താച്ചിയെ വലം വച്ചു. അനുഗ്രഹം ഏറ്റുവാങ്ങി ഭക്തർ സാകൂതം വണങ്ങി നിന്നു. മാവൂർ തെങ്ങിലക്കടവിലെ മുത്താച്ചി കാവിൽ കുംഭം ഒന്നിന് നടക്കുന്ന ഉത്സവത്തിന് സമാപനം കുറിക്കുകയാണ്.
ഗ്രാമീണ സംസ്‌കാരത്തിന്‍റെ പൈതൃകമോതുന്ന ഉത്സവമാണ് മുത്താച്ചി കാവിലെ നാൽപ്പത്തിരണ്ടര വെള്ളാട്ട്. പണ്ടുകാലത്ത് മുത്താച്ചിക്കാവിലും അതിനോടനുബന്ധിച്ചുള്ള ഗ്രാമച്ചന്തയിലുമെത്തിയാണ് ഒരു വർഷത്തേക്ക് വേണ്ട വീട്ടു സാധനങ്ങളും കാർഷിക ഉപകരണങ്ങളും വാങ്ങിക്കുന്നത്. കൂടാതെ കൃഷിക്കാവശ്യമായ വിത്തുകളും ശേഖരിക്കുന്നത് മുത്താച്ചിക്കാവിൽ നിന്നാണ്.
പഴമയുടെ പ്രതാപം ഇല്ലെങ്കിലും ഇപ്പോഴും മുത്താച്ചിക്കാവും ഗ്രാമചന്തയും നാടിന്‍റെ തിരുശേഷിപ്പായി നിലനിൽക്കുന്നുണ്ട്. മലബാറിലെ നാല് ജില്ലകളിലുള്ളവർക്ക് പ്രത്യേകം അവകാശങ്ങൾ കൽപ്പിക്കുന്ന മുത്താച്ചിക്കാവിൽ നിരവധി പേരാണ് ഇത്തവണയും എത്തിച്ചേർന്നത്.
ഗ്രാമ ചന്തയ്ക്കും ഉത്സവ ചടങ്ങുകൾക്കും ഒപ്പം ഇത്തവണ കളരിപ്പയറ്റ് പ്രദർശനവും മുത്താച്ചിക്കാവിലെ ഉത്സവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. പഴയകാല സംസ്ക്കാരത്തിൻ്റെ ഓർമ്മപ്പെടുത്തലായ മുത്താച്ചിക്കാവിലെത്തി മുത്താച്ചിയുടെ അനുഗ്രഹവും ഏറ്റുവാങ്ങി അടുത്ത വർഷവും തിരികെയെത്താമെന്ന പ്രതീക്ഷയോടെയാണ് മുത്താച്ചിക്കാവിലെ ഉത്സവത്തിനെത്തിയവർ മടങ്ങിയത്.