തിരുവനന്തപുരം : മാസപ്പടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കൊണ്ടുള്ള കോടതി വിധി നിരാശജനകവും അപ്രതീക്ഷിതവുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കെപിസിസി ആസ്ഥാനം നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രതികരണം. മേൽകോടതിയിൽ അപ്പീൽ പോകുമെന്നും മാത്യു പറഞ്ഞു.
അഴിമതിക്കെതിരായ നിയമ യുദ്ധത്തിൽ തിരിച്ചടി ലഭിച്ചു. വിധി അംഗീകരിക്കുന്നു. കേസ് കൊടുത്തത് പിണറായി വിജയനോടോ കുടുംബത്തോടൊ ദേഷ്യമുള്ളത് കൊണ്ടല്ല. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് നടന്നത്. അഴിമതിക്കാരനാകാതിരിക്കാൻ എളുപ്പമാണ് അഴിമതിക്കെതിരെയുള്ള പോരാട്ടം അങ്ങനെയല്ല.
അഴിമതി നടത്തിയതിനേക്കാൾ വിമർശനം അഴിമതിക്കെതിരെ പോരാടാനിറങ്ങിയ ആൾക്കാണ് എന്നാണ് ഇന്നലെ പൊതുവെ കാണാനായത്. മാസപ്പടി അഴിമതിയാണ്. അഴിമതി നിരോധന നിയമ പ്രകാരം തന്നെ അന്വേഷണം വേണം. വിജിലൻസ് കോടതിയിൽ തന്നെ പരാതി നൽകണം. പിണറായി വിജയന്‍റെ കീഴിലുള്ള വിജിലൻസ് കോടതിയിൽ പരാതി നൽകിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാത്ത ആളല്ല ഞാൻ.
കേസ് കൊടുത്തത് കെപിസിസി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും അനുമതി തേടിയിരുന്നു. സാധാരണ പൗരൻ എന്ന നിലയിലാണ് കേസുമായി മുന്നോട്ട് പോയതെന്നും മാത്യു കുഴല്‍നാടൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.