തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി ഹര്‍ജിക്കാരന്‍ മാത്യു കുഴല്‍നാടന്‍. ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് ബലം നല്‍കാന്‍ നാല് രേഖകളാണ് ഇന്ന് (03-05-2024) കോടതിയില്‍ ഹാജരാക്കിയത്. കെഎംഇആര്‍എല്ലിന്‍റെ കൈവശമുളള അധിക ഭൂമി നഷ്‌ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ്, 1999 -ല്‍ കേന്ദ്ര ഭൂഗര്‍ഭ- ഭൂ പര്യവേക്ഷണ മന്ത്രാലയം സ്വകാര്യ വ്യക്തികളുടെ ഖനനാനുമതി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ നിര്‍ദ്ദേശം, സിഎംആര്‍എല്ലിന്‍റെ അപേക്ഷ പരിഗണിക്കണമെന്ന മന്ത്രിസഭ മിനിറ്റ്‌സ് എന്നിവയാണ് മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയത്.
അതേസമയം ഹര്‍ജിയിലെ ആരോപണങ്ങള്‍ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയില്‍ എങ്ങനെ വരും എന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എംവി രാജകുമാരയാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയില്‍ മേയ് ആറിന് വിധി പറയും.
റവന്യൂ പ്രിന്‍സിപ്പൽ സെക്രട്ടറിയും ജില്ല കളക്‌ടറും സിഎംആര്‍എല്ലിന് അനുകൂലമായി നല്‍കിയ റിപ്പോര്‍ട്ടും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. ഈ അനുകൂല റിപ്പോര്‍ട്ട് ഉണ്ടായിട്ടും സിഎംആര്‍എല്ലിന്‍റെ അപേക്ഷ ലാന്‍ഡ് ബോര്‍ഡ് തളളിയതിനെ ഉയര്‍ത്തിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. മിനിറ്റ്‌സില്‍ സിഎംആര്‍എല്ലിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധിയെ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിനെ കണ്ട് നിയമോപദേശം തേടുന്നതിനുളള നിര്‍ദ്ദേശമാണ് ഉളളതെന്ന് മിനിറ്റ്‌സ് കോടതിയില്‍ വായിച്ച് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു.
ഇതിനെതിരെ ഹര്‍ജിക്കാരന്‍ വാദം ഉന്നയിച്ചപ്പോള്‍ നിങ്ങള്‍ തന്നെ ഹാജരാക്കിയ രേഖയെ സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വായിച്ചതെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ഹര്‍ജിക്കാരനോട് പറഞ്ഞു. ഹര്‍ജിക്കാരന്‍ ഹാജരാക്കിയ രേഖകളെ സംബന്ധിച്ച് വാദം കേട്ട കോടതി, ഏത് തെളിവാണ് മുഖ്യമന്ത്രിക്കെതിരെ പരാതിക്കാരന്‍ ഉന്നയിച്ചതെന്ന് ചോദിച്ചു. വിജിലന്‍സിന് വേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ ആര്‍ എല്‍ രഞ്ജിത് കുമാര്‍ ഹാജരായി.
Also Read: മാസപ്പടിക്കേസ്: മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാനാകാതെ മാത്യൂ കുഴല്‍നാടന്‍