കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപത്തൊന്നാമത് ജന്മദിനാഘോഷം കൊല്ലം അമൃതപുരിയിൽ നടന്നു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അമൃതപുരിയിലെ പതിവ് ആഘോഷങ്ങളും വിശിഷ്‌ടാതിഥികളെ ക്ഷണിച്ചുള്ള പരിപാടികളും ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്. ലളിതമായ ചടങ്ങിൽ വയനാടിനുള്ള മാതാ അമൃതാനന്ദമയി മഠത്തിന്‍റെ കൈതാങ്ങായ 15 കോടി രൂപയുടെ സഹായത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം സ്വാമി അമൃത സ്വരൂപാനന്ദ പുരി നടത്തി.
ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് നൽകിവരാറുള്ള അമൃതകീർത്തി പുരസ്‌കാരം കവി വി മധുസൂദനൻ നായർക്ക് സമ്മാനിച്ചു. കളരിയിൽ മഹാഗണപതിഹോമത്തോടെയായിരുന്നു അമൃതവർഷം 71 ന് തുടക്കം കുറിച്ചത്. തുടർന്ന് ലളിതാസഹസ്രനാമാർച്ചനയും നടന്നു. എട്ടുമണിയോടെ സ്വാമി അമൃത സ്വരൂപാനന്ദ പുരിയുടെ പ്രഭാഷണം ആരംഭിച്ചു.
9.40 ഓടെ മാതാ അമൃതാനന്ദമയി പ്രധാന പ്രാർത്ഥന ഹാളിലേക്ക് എത്തി. വയനാട് ദുരന്തത്തിൽ ജീവൻ നഷ്‌ടമായവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാമെന്നായിരുന്നു പിറന്നാൾ ദിനത്തിൽ ഭക്തരോടുള്ള അമ്മയുടെ ആദ്യ വാക്കുകൾ. തുടർന്ന് ഗുരുപാദകപൂജ. പ്രഥമ ശിഷ്യനും മഠം വൈസ് ചെയർമാനുമായ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗുരുപാദുക പൂജയ്ക്ക് ശേഷമുള്ള അമ്മയുടെ ജന്മദിന സന്ദേശം ഒരു മണിക്കൂറിലേറെ നീണ്ടു. ശേഷം ധ്യാനം, വിശ്വശാന്തി പ്രാർത്ഥന, ഭജന എന്നിവയുമുണ്ടായി. തുടർന്നാണ് വയനാടിനുള്ള മാതാ അമൃതാനന്ദമയി മഠത്തിന്‍റെ കൈതാങ്ങായ 15 കോടി രൂപയുടെ സഹായത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. സ്വാമി അമൃത സ്വരൂപാനന്ദപുരിയാണ് വേദിയിൽ പ്രഖ്യാപനം നടത്തിയത്.
തുടർന്ന് കവി വി മധുസൂദനൻ നായർക്ക് അമൃതകീർത്തി പുരസ്‌കാരം സമ്മാനിച്ചു. സ്വാമി പ്രണവാമൃതാനന്ദ പുരി, സ്വാമി ജ്ഞാനാമൃതാനന്ദ പുരി, സ്വാമി ചിത്സ്വരൂപാനന്ദ പുരി എന്നിവരുടെ പുസ്‌തകങ്ങളും വേദിയിൽ പ്രകാശനം ചെയ്‌തു. തുടർന്ന് 20 പേരുടെ സമൂഹ വിവാഹവും മാതാ അമൃതാനന്ദമയിയുടെ കാർമ്മികത്വത്തിൽ വേദിയിൽ വച്ച് നടന്നു.
പിറന്നാൾ ദിനത്തിൽ അമൃതപുരിയിലെത്തിയ മുഴുവൻ ഭക്തർക്കും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ആശ്രമ പരിസരത്ത് വിവിധ ഇടങ്ങളിലായി പ്രത്യേക കൗണ്ടറുകൾ ക്രമീകരിച്ച് തിക്കും തിരക്കും ഇല്ലാതെയാണ് അന്ന പ്രസാദം വിതരണം ചെയ്‌തത്.