വയനാട്: മൂന്ന് ദിവസം തുടർച്ചയായി പെയ്‌ത മഴയിൽ ചൂരൽമല പുഴ കരകവിഞ്ഞു. താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു ഒഴുകിയെത്തിയത്. ഭീമൻ കല്ലുകളും മരത്തടികളും നിയന്ത്രണമില്ലാതെ കുത്തിയൊഴുകി. അതിന് പിന്നാലെ ആയിരങ്ങൾ തിങ്ങിപ്പാർക്കുന്ന സുന്ദരഭൂമി ഒറ്റപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ അട്ടമല, ചൂരൽമല, മുണ്ടക്കൈ മേഖലകളാണ് ഒറ്റപ്പെട്ടത്. വീടുകൾ, പാഡികൾ, റിസോർട്ടുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതെല്ലാം ഒറ്റപ്പെട്ടു.
പല ഭാഗത്ത് നിന്നും നിരവധി പേരാണ് സഹായം അഭ്യർഥിക്കുന്നത്. ഒറ്റപ്പെട്ടവരിൽ വിദേശികളും ഉണ്ടെന്ന് സംശയം. തേയിലയുടെ അതിമനോഹര നാടാണിത്. ഹാരിസണൽ തോട്ടങ്ങളിലേതടക്കം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശം. തോട്ടത്തിന്‍റെ വിശാലത കഴിഞ്ഞാൽ നിലമ്പൂർ കാടുകളാണ്.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ഇനി ആകാശ മാർഗത്തിലൂടെയേ സാധ്യമാകൂ. എന്നാൽ ഹെലികോപ്‌റ്ററിന് ലാൻഡ് ചെയ്യാൻ പറ്റിയ ഒരിടം അവിടെയില്ല. ചൂരൽമല ജിവിഎച്ച്എസ്എസ് മുറ്റത്തിന്‍റെ അവസ്ഥയും അതിദയനീയമാണ്. രക്ഷാപ്രവർത്തനത്തിന് എല്ലാ വഴിയും തേടുകയാണ് ദൗത്യസംഘം.
Also Read: വയനാട് ഉരുൾപൊട്ടൽ; താമരശേരിചുരത്തിൽ ഗതാഗത നിയന്ത്രണം