തിരുവനന്തപുരം: ശശിധരന്‍ കര്‍ത്തയുടെ സ്ഥാപനമായ സിഎംആര്‍എലിന് സര്‍ക്കാരില്‍ നിന്ന് എന്ത് ഔദാര്യമാണ് ലഭിച്ചതെന്ന് വ്യക്തമാക്കാന്‍ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടനോട് നിര്‍ദ്ദേശിച്ച് കോടതി. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എംവി രാജകുമാരയാണ് കേസ് പരിഗണിച്ചത്. കര്‍ത്തയുടെ ഉടമസ്ഥതയിലുളള ഭൂമിയില്‍ ഖനനം നടത്തുമ്പോള്‍ എന്ത് ആദായമാണ് വീണ തൈക്കണ്ടിയിലിനും എക്‌സാലോജിക് കമ്പനിക്കും ലഭ്യമാകുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കേണ്ടതുണ്ട്. പൊതുമേഖല സ്ഥാപനമായ കെഎംഎംആര്‍എലിന് കര്‍ത്തയുടെ സ്ഥാപനമായ സിഎംആര്‍എല്ലുമായി ഉളള ബന്ധം വ്യക്തമാക്കണമെന്നും കോടതി മാത്യുവിനോട് നിര്‍ദ്ദേശിച്ചു.
കര്‍ത്തയുടെ സ്ഥാപനത്തിന് മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ വിലക്കാണോ സര്‍ക്കാര്‍ അധീന സ്ഥാപനമായ കെഎംഎംആര്‍എല്‍, ഐആര്‍ഇ എന്നിവിടങ്ങളില്‍ നിന്ന് ഇല്‍മനൈറ്റ് ലഭ്യമായിരുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കണം. പൊതു വിപണിയിലെ ഇല്‍മനൈറ്റിന്‍റെ വിലയും സര്‍ക്കാരില്‍ നിന്ന് കര്‍ത്ത ഇല്‍മനൈറ്റ് വാങ്ങിയ വിലയെ സംബന്ധിച്ചും വിശദമായ വിലവിവരം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഇവ സംബന്ധിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കാനും രേഖകള്‍ ഹാജരാക്കാനും കൂടുതല്‍ സമയം നല്‍കണമെന്ന മാത്യൂ കുഴല്‍നാടന്‍റെ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.
കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം സര്‍ക്കാരിനോ സര്‍ക്കാര്‍ അധീനതയിലുളള സ്ഥാപനത്തിനോ മാത്രം നടത്താന്‍ കഴിയുന്ന കരിമണല്‍ ഖനനത്തിന് കെഎംഎംആര്‍എലിനെ മറയാക്കി കര്‍ത്തയുടെ സ്ഥാപനം കോടിക്കണക്കിന് രൂപയുടെ ലാഭം കരിമണല്‍ ഖനനത്തിലൂടെ നേടിയെന്നാണ് ഹര്‍ജിയിലെ മുഖ്യ ആരോപണം.
ഇതിനായി മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചെന്നും, ഇതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകളായ വീണ തൈക്കണ്ടിയിലിനും വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനും ചെയ്യാത്ത സേവനങ്ങള്‍ക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ എന്ന പേരില്‍ 2018 ലെ മനുഷ്യ നിര്‍മ്മിത പ്രളയത്തിന്‍റെ മറവില്‍ വന്‍ തോതിലുള്ള കരിമണല്‍ ഖനനം ഇപ്പോഴും നടക്കുന്നതായും ഹര്‍ജിക്കാരന്‍ കോടതിയെ ധരിപ്പിച്ചു.
ALSO READ: 'ജെസ്‌ന ഗർഭിണി ആയിരുന്നില്ല, രക്തം പുരണ്ട വസ്‌ത്രം ലഭിച്ചിരുന്നില്ല'; വിശദീകരണവുമായി സിബിഐ