തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യുകുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തള്ളി. മാസപ്പടിക്കേസില്‍ നല്‍കിയ ഹര്‍ജി രാഷ്‌ട്രീയപ്രേരിതം മാത്രമാണെന്നും അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാന്‍ തക്കതായ രേഖകളൊന്നും തന്നെ ഹര്‍ജിയില്‍ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
മെയ് 3-ന് കേസ് പരിഗണിക്കവെ, ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് ബലം നല്‍കാന്‍ നാല് രേഖകകൾ കൂടി മാത്യു കുഴൽനാടൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കെഎംഇആര്‍എല്ലിന്‍റെ കൈവശമുളള അധിക ഭൂമി നഷ്‌ടമാകാതിരിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉത്തരവ്, 1999 -ല്‍ കേന്ദ്ര ഭൂഗര്‍ഭ - ഭൂ പര്യവേക്ഷണ മന്ത്രാലയം സ്വകാര്യ വ്യക്തികളുടെ ഖനനാനുമതി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ നിര്‍ദേശം, സിഎംആര്‍എല്ലിന്‍റെ അപേക്ഷ പരിഗണിക്കണമെന്ന മന്ത്രിസഭ മിനിറ്റ്‌സ് എന്നീ രേഖകളാണ് ഹാജരാക്കിയത്.
ഇതടക്കമുള്ള കാര്യങ്ങളിലാകും ഇന്ന് വാദം നടക്കുക. മാസപ്പടി കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടന്‍റെ ആവശ്യം. ധാതു മണൽ ഖനനത്തിനായി സിഎംആർ എൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി വീണ വിജയന് പണം ലഭിച്ചു എന്നാണ് ഹർജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ വിജയന്‍ അടക്കം ഏഴ് പേരാണ് കേസിലെ എതിർ കക്ഷികള്‍.