എറണാകുളം: മസാല ബോണ്ട് കേസില്‍ തോമസ് ഐസകിനെ പിന്തുണച്ച് കിഫ്ബി സിഇഒ ഹൈക്കോടതിയിൽ.
മസാല ബോണ്ട് ഇറക്കിയതിന്‍റെയും, ഫണ്ട് വിനിയോഗത്തിന്‍റെയും പ്രധാന ഉത്തരവാദിത്തം തോമസ് ഐസകിനാണെന്ന ഇഡി വാദം തെറ്റാണെന്ന് കിഫ്ബി അധിക സത്യവാങ്മൂലത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചു. കൂട്ടായെടുക്കുന്ന തീരുമാനപ്രകാരമാണ് കിഫ്ബി ശേഖരിച്ച പണം വിനിയോഗിക്കുന്നത്.
എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്നതിനപ്പുറം തോമസ് ഐസകിന് മാത്രമായി പ്രത്യേക പങ്ക് കിഫ്ബിയില്‍ ഇല്ല.
ഇഡിയുടെ വാദവും സത്യവാങ്മൂലവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും, കിഫ്ബിയുടെ ഭാവി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതും ആണ്. ഇഡിയുടെ സത്യവാങ്മൂലത്തിലെ പരാമർശം കാരണം ഭാവിയിൽ വായ്‌പ കിട്ടാനും മറ്റും തടസ്സം ഉണ്ടാകുമെന്നും കിഫ്ബി വ്യക്തമാക്കുന്നു.
മസാല ബോണ്ട് ഇടപാടിൽ തീരുമാനമെടുത്ത പ്രധാന വ്യക്തി തോമസ് ഐസക്കാണെന്ന് കിഫ്ബി സമർപ്പിച്ച രേഖകളിൽ വ്യക്തമാണെന്നായിരുന്നു ഇഡിയുടെ സത്യവാങ്മൂലത്തിലെ പരാമർശങ്ങൾ. ഇതിനെതിരെയാണ് ഐസക്കിനെ പിന്തുണച്ചുകൊണ്ട് കിഫ്ബിയുടെ അധിക സത്യവാങ്മൂലം.
Also Read: ഇവിടെയാര്‍ക്കും ഇഡി പേടി ഇല്ല; അത് വടക്കേ ഇന്ത്യയില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് തോമസ് ഐസക്
മസാലബോണ്ട് ഇറക്കുന്നതിൽ മാത്രമാണ് ഗവേണിങ് ബോഡി അനുമതി നൽകിയത്. ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾക് ഗവേണിങ് ബോഡിയുടെ അനുമതി വേണ്ടെന്നും കിഫ്ബി പറയുന്നു. കൂടാതെ കിഫ്ബിയുടെ മറ്റെല്ലാ പദ്ധതികളും പോലെ തന്നെ ആര്‍ബിഐയുടെ മാനദണ്ഡങ്ങൾ പാലിച്ചും, സുതാര്യവുമായാണ് മസാല ബോണ്ട് ഇറക്കിയതെന്നും അധിക സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മസാല ബോണ്ട് ഇടപാടിലെ ഇഡി സമൻസിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജിയിലാണ് കിഫ്ബിയുടെ അധിക സത്യവാങ്മൂലം.