കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാം പ്രതിയെ തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയതിനെതിരെ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. ബോംബ് സ്ഫോടനത്തിലും നിർമാണത്തിലും പാർട്ടിക്ക് ഒരു പങ്കും ഇല്ലെന്ന് പറയുമ്പോഴാണ് രണ്ടാം പ്രതിയായ വലിയപറമ്പത്ത് വിപി വിനീഷിനെ സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു.
സ്ഫോടനത്തിൽ ഇടതു കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരിക്കേറ്റ് ഒരു മാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിനീഷിനെ കഴിഞ്ഞ ദിവസമാണ് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. വിനീഷിന്‍റെ ചികിത്സ ചെലവ് പാർട്ടി ഏറ്റെടുത്ത് ചെയ്യുകയാണെന്നും യുഡിഫ് ആരോപിച്ചു.
ആശുപത്രിയിൽ പൊലീസിന്‍റെ നിരീക്ഷണത്തിലുള്ള പ്രതിയെ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. എന്തുകൊണ്ട് സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള തലശേരി ആശുപത്രിയിലേക്ക് വിനീഷിനെ കൊണ്ടുവന്നെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിന് ഈ കേസിൽ ശക്തമായ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ എംവി ഗോവിന്ദൻ ഉരുണ്ടു കളിക്കുകയാണെന്നും ഡിവൈഎഫ്‌ഐക്കാർ സിപിഎമ്മിന്‍റെ പോഷക സംഘടനയല്ലെന്ന് പറയാൻ എങ്ങനെയാണ് സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടറിക്ക് കഴിയുകയെന്നും മാർട്ടിൻ ജോർജ് വിമർശിച്ചു.
അന്വേഷണം അന്തിമഘട്ടത്തിൽ: സ്ഫോടനവുമായി ബന്ധപ്പെട്ട് വിനീഷ് ഒഴികെയുള്ള എല്ലാ പ്രതികളും അറസ്റ്റിൽ ആയിരുന്നു. ബോംബ് നിർമാണത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് വിനീഷ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഏപ്രിൽ അഞ്ചിന് പുലർച്ചെ ഒന്നരയോടെയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടിൽ നിർമ്മാണത്തിലിരുന്ന വീടിന്‍റെ ടെറസിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായത്.
കേസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. കൂത്തുപറമ്പ് എസിപി കെവി വേണുഗോപാൽ, പാനൂർ പൊലീസ് ഇൻസ്പെക്‌ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്ഫോടനത്തിൽ മരിച്ച ഷെറിൽ ഉൾപ്പെടെ 15 പ്രതികളാണ് കേസിൽ ഉള്ളത്.
Also: പാനൂർ ബോംബ് സ്ഫോടനം: പൊലീസ് നിഷ്‌പക്ഷമായി അന്വേഷിക്കട്ടെയെന്ന് ഇ പി ജയരാജൻ